കോഴിക്കോട്:നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനവ്യാപകമായി സിപിഎം ക്രിമിനലുകളുടെ അക്രമം തുടരുന്നു. ബാലുശ്ശേരി ഉണ്ണികുളത്ത് കോണ്‍ഗ്രസ് ഓഫീസിന് തീയിട്ടു. പ്രദേശത്ത് കഴിഞ്ഞ ദിവസം രാത്രി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സിപിഎമ്മുകാര്‍ അക്രമിക്കാന്‍ ശ്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ കോണ്‍ഗ്രസ് ഓഫീസിന് തീയിട്ടത്. ഓഫീസ് അടിച്ച് തകര്‍ക്കുകയും ചെയ്തിട്ടുണ്ട്.

സംഘര്‍ഷത്തിന് പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ലത്തീഫിന്റെ വീടിന് നേരെ കല്ലെറിയുകയും മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ തകര്‍ക്കുകയും ചെയ്തു.

പാനൂര്‍ കൊലപാതകത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് നടത്തിയ പ്രതിഷേധ പ്രകടനത്തിന് നേരെ സിപിഎം അക്രമം നടത്തിയിരുന്നു. ഇതില്‍ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് പുലര്‍ച്ചെ ഓഫീസിന് തീയിട്ടത്. പ്രദേശത്ത് വന്‍ പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.