കോഴിക്കോട്: ലീഗ് നേതാക്കള്‍ക്കെതിരായ സിപിഎം പ്രവര്‍ത്തകരുടെ കൊലവിളി മുദ്രാവാക്യങ്ങളെ പരസ്യമായി ന്യായീകരിച്ച് സിപിഎം സൈബര്‍ പോരാളികള്‍. കഴിഞ്ഞ ദിവസം കണ്ണൂരിലാണ് സിപിഎം ക്രിമിനല്‍ സംഘം ഗുണ്ടാപടയെ മാതൃകയാക്കി കൊലവിളി മുദ്രാവാക്യവുമായി തെരുവിലിറങ്ങിയത്.

ലീഗ് നേതാക്കളുടെ പേരെടുത്ത് പറഞ്ഞായിരുന്നു മുദ്രാവാക്യം. ‘കൊല്ലേണ്ടവരെ കൊല്ലും ഞങ്ങള്‍. തല്ലേണ്ടവരെ തല്ലും ഞങ്ങള്‍. കൊടുത്തിട്ടുണ്ടീ പ്രസ്ഥാനം. കൊന്നിട്ടുണ്ടീ പ്രസ്ഥാനം. കയ്യും കൊത്തി, കാലും കൊത്തി, പച്ചക്കൊടിയില്‍ പൊതിഞ്ഞുകെട്ടി, ചോരച്ചെങ്കൊടി നാട്ടും ഞങ്ങള്‍. മുസ്ലിം ലീഗിന്‍ ചെറ്റകളേ ഞങ്ങള്‍ക്കാരെ കൊല്ലണമെങ്കില്‍ പാണക്കാട്ടില്‍ പോകേണ്ട, ട്രെയ്നിങ്ങൊന്നും കിട്ടേണ്ട. ഓര്‍ത്തുകളിച്ചോ തെമ്മാടികളേ…’, മുദ്രാവാക്യം ഇങ്ങനെ.

തദ്ദേശ തെരഞ്ഞെടുപ്പിനിടെ യുഡിഎഫിന്റെ ബൂത്ത് ഏജന്റുമാരെ കയ്യേറ്റം ചെയ്തെന്ന കേസില്‍ സിപിഎം നേതാക്കളെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു. ഇവര്‍ ജാമ്യം ലഭിച്ച് പുറത്തുവന്നപ്പോള്‍ പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണത്തിനിടെയായിരുന്നു മുദ്രാവാക്യം. പ്രാദേശിക നേതാവ് ബാലകൃഷ്ണന്‍ അടക്കമുള്ളവര്‍ക്കാണ് ജാമ്യം ലഭിച്ചത്. സിപിഎം ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കളടക്കം സ്വീകരണത്തില്‍ പങ്കെടുത്തിരുന്നു.

ഇതിനെയാണ് സിപിഎം സൈബര്‍ പട സോഷ്യല്‍ മീഡിയയില്‍ ന്യായീകരിക്കുന്നത്. കൊലവിളി മുദ്രാവാക്യം സിപിഎം നയമാണെന്ന് വ്യക്തമാക്കുന്നതാണ് ന്യായീകരണ പോസ്റ്റുകള്‍. കൊല്ലേണ്ടവരെ കൊന്നിട്ടുണ്ടെന്ന് ആര്‍ജ്ജവത്തോടെ വിളിച്ചുപറയുന്ന ചങ്കൂറ്റത്തിന്റെ പേരാണ് സിപിഎം എന്നാണ് ഒരു പ്രവര്‍ത്തകന്റെ കമന്റ്.