കോഴിക്കോട്: കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് നടത്തിയ പരിപാടി തടഞ്ഞതിന് പൊലീസിന് സിപിഎം നേതാവിന്റെ ഭീഷണി. കോഴിക്കോട് ജില്ലയിലെ ഒഞ്ചിയം ഭാഗത്തെ സിപിഎം ഏരിയ കമ്മിറ്റി അംഗം ഇ.എം ദയാനന്ദനാണ് പൊതുയോഗത്തില്‍ പൊലീസിനെതിരെ ഭീഷണി മുഴക്കിയത്. വടകര ചോമ്പാല സ്റ്റേഷനിലെ സിപിഒ വിശ്വനാഥനെതിരെയാണ് ഭീഷണി. കാക്കിയഴിച്ച് വെച്ചെത്തിയാല്‍ പൊലീസുകാരനെ ചവിട്ടിക്കൂട്ടുമെന്നാണ് ഭീഷണി.

വടകര ചോമ്പാല പൊലീസ് സ്റ്റേഷന്‍ പരിസരത്ത് വലിയ ആള്‍ക്കൂട്ടത്തോടെ നടത്താന്‍ ശ്രമിച്ച പുതുവത്സര പരിപാടി പൊലീസ് എത്തി തടഞ്ഞതുമായി ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. പരിപാടി നടത്താന്‍ അനുവദിക്കില്ലെന്ന് അറിയിച്ച പൊലീസിനെ വെല്ലുവിളിച്ച ഒരു പാര്‍ട്ടി പ്രവര്‍ത്തകനെ കസ്റ്റഡിയില്‍ എടുക്കാന്‍ പൊലീസ് ശ്രമിച്ചെങ്കിലും ഒരു വിഭാഗം പാര്‍ട്ടിക്കാര്‍ ചേര്‍ന്ന് ഇയാളെ രക്ഷപ്പെടുത്തി. പിറ്റേദിവസം സിപിഎം അനുഭാവിയും നേരത്തെ പാര്‍ട്ടി പ്രവര്‍ത്തകനുമായിരുന്ന ഹേമന്ദിനെ വീട്ടിലെത്തി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിന് പിന്നാലെയാണ് ഭീഷണി പ്രസംഗമുണ്ടായത്.

ഇതേ യോഗത്തില്‍ സിപിഎം ഒഞ്ചിയം ഏരിയാ കമ്മിറ്റി അംഗം ടി.പി ബീനിഷും പൊലിസിന് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകരെ അകാരണമായി മര്‍ദിക്കുന്ന പൊലീസുകാരുടെ ഗതിയറിയാന്‍ ചരിത്രം പരിശോധിച്ചാല്‍ മതിയെന്നാണ് ബിനീഷിന്റെ പ്രസംഗം. അതേസമയം ഔദ്യോഗിക കൃത്യ നിര്‍ഹണം തടസപ്പെടുത്തിയതിന് രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുത്തതായി ചോമ്പാല പൊലീസ് അറിയിച്ചു. എന്നാല്‍ ഭീഷണി പ്രസംഗത്തിന്റെ പേരില്‍ ആര്‍ക്കെതിരെയും കേസ് എടുത്തിട്ടില്ല.