കണ്ണൂര്‍: രാമന്തളിയില്‍ കോണ്‍ഗ്രസ് പ്രകടനത്തിനു നേരെ സി പി എം പ്രവര്‍ത്തകരുടെ അക്രമം. അക്രമത്തില്‍ വനിതാ നേതാവ് അടക്കം രണ്ട് പേര്‍ക്ക് പരിക്കേറ്റു. പയ്യന്നൂര്‍ ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി മഹിത കെ പി , പയ്യന്നൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് കെ പി രാജേന്ദ്രകുമാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പയ്യന്നൂര്‍ പ്രിയദര്‍ശിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശനിയാഴ്ച രാത്രി 7.30 ഓടെ രാമന്തളി ഓണപ്പറമ്പിലാണ് സംഭവം.ഓണപ്പറമ്പില്‍ സ്ഥാപിച്ച കോണ്‍ഗ്രസിന്റെ കൊടിമരം കഴിഞ്ഞ ഒരു മാസത്തിനിടയില്‍ അഞ്ചു തവണ നശിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസവും ഈ കൊടിമരം നശിപ്പിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓണപ്പറമ്പില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടയിലാണ് സി പി എം പ്രവര്‍ത്തകര്‍ അക്രമം നടത്തിയത്.