പേരാമ്പ്ര: ടൗണ്‍ ജുമാമസ്ജിദ് ആക്രമിച്ച കേസില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. ചെറുവണ്ണൂര്‍ ബ്രാഞ്ച് സെക്രട്ടറി അതുല്‍ ദാസാണ് അറസ്റ്റിലായിരിക്കുന്നത്. ഹര്‍ത്താല്‍ ദിവസം ആര്‍.എസ്.എസ് ആക്രമണത്തില്‍ പ്രതിഷേധിക്കാനെന്ന പേരില്‍ നടത്തിയ ഡി.വൈ.എഫ്.ഐ പ്രകടനത്തിനിടെയാണ് പള്ളിക്കുനേരെ കല്ലെറിഞ്ഞത്. എട്ടുപേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

വ്യാഴാഴ്ച വൈകിട്ട് ഏഴോടെയാണ് പ്രകടനമായി എത്തിയ ഡി.വൈ.എഫ്.ഐക്കാര്‍ പള്ളിക്കു നേരെ കല്ലേറ് നടത്തിയത്. പള്ളിയുടെ മുന്‍ഭാഗത്തുള്ള ഫില്ലറിന് കേടുപാടുകള്‍ സംഭവിച്ചിരുന്നു. അംഗശുദ്ധി വരുത്തുന്ന സ്ഥലത്തും വരാന്തയിലും കല്ലുകള്‍ പതിച്ചിരുന്നു. പേരാമ്പ്രയില്‍ നിലനില്‍ക്കുന്ന സൗഹൃദാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു ആക്രമണമെന്ന വിമര്‍ശനത്തിനിടെയാണ് ഇപ്പോള്‍ അറസ്റ്റുണ്ടായിരിക്കുന്നത്.