കോഴിക്കോട്: പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ ഉന്നത റാങ്ക് നേടിയിട്ടും ജോലി കിട്ടാത്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത ഉദ്യോഗാര്‍ത്ഥിയെ വ്യക്തിഹത്യ നടത്തുന്ന പ്രചാരണവുമായി സിപിഎം സൈബര്‍ പോരാളികള്‍. ആത്മഹത്യ ചെയ്ത അനുവിന് വിഷാദ രോഗമായിരുന്നു എന്നാണ് സിപിഎം പറയുന്നത്. ആത്മഹത്യാക്കുറിപ്പ് കണ്ടാല്‍ അത് മനസ്സിലാവുമെന്നും സൈബര്‍ പോരാളികള്‍ ന്യായീകരിക്കുന്നുണ്ട്. ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്ന ബോധവല്‍ക്കരണവും ഇതോടൊപ്പം നടത്തുന്നുണ്ട്. സര്‍ക്കാര്‍ ജോലി മാത്രമാണോ ജോലി. ഒരു ജോലി കിട്ടാത്തതിന് എന്തിനാണ് ആത്മഹത്യ എന്നാണ് സിപിഎം ചോദ്യം.

തങ്ങള്‍ക്കെതിരായി വരുന്ന വ്യക്തികള്‍ മരിച്ചവരാണെങ്കിലും അവരെ വ്യക്തിപരമായി അധിക്ഷേപിക്കുക എന്ന സ്ഥിരം ശൈലിയാണ് ഇവിടെയും സിപിഎം സ്വീകരിക്കുന്നത്. ഒരു ജോലിയില്ലാത്തതല്ല അനുവിന്റെ ആത്മഹത്യക്ക് കാരണം. വിശ്രമമില്ലാതെ കഠിനാധ്വാനം ചെയ്ത് പഠിച്ച് ഉന്നത റാങ്ക് നേടിയിട്ടും നിയമനം നടത്താത്ത ഇടത് സര്‍ക്കാറിന്റെ നയവൈകല്യം മൂലം ജോലി നഷ്ടമായ നിരാശയിലാണ് ആ യുവാവ് ആത്മഹത്യ ചെയ്തത്. സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാവുന്ന ഈ കാര്യം മറന്നുകൊണ്ടാണ് സിപിഎം അനുവിനെതിരെ വ്യക്തിപരമായ പ്രചാരണം നടത്തുന്നത്.

സിവില്‍ എക്‌സൈസ് ഓഫീസര്‍ പരീക്ഷയില്‍ 76-ാം റാങ്ക് നേടിയിട്ടും ജോലി ലഭിക്കാത്തതില്‍ മനംനൊന്താണ് തിരുവനന്തപുരം പാറശ്ശാല സ്വദേശിയായ അനുവെന്ന ഉദ്യോഗാര്‍ത്ഥി ആത്മഹത്യ ചെയ്തത്. ഇനിയും മറ്റുള്ളവരുടെ മുഖത്ത് നോക്കി ചിരിച്ച് അഭിനയിക്കാനാവില്ലെന്നാണ് അനു ആത്മഹത്യാക്കുറിപ്പില്‍ പറഞ്ഞത്.