കോട്ടയം: തങ്ങളുടെ മരണത്തിന് ഉത്തരവാദി സി.പി.എമ്മിന്റെ നഗരസഭാ കൗണ്‍സിലറാണെന്ന് ചങ്ങനാശേരിയില്‍ മരിച്ച ദമ്പതികളുടെ ആത്മഹത്യാക്കുറിപ്പ്. ചങ്ങനാശേരി പുഴവാത് ഇല്ലംപള്ളി വീട്ടില്‍ സുനില്‍, രേഷ്മ എന്നിവരെയാണ് ബുധനാഴ്ച സയനൈഡ് കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വര്‍ണം നഷ്ടപ്പെട്ട സി.പി.എം കൗണ്‍സിലര്‍ സജികുമാറിന്റെ പരാതിയില്‍ പൊലീസ് കഴിഞ്ഞ ദിവസം ഇവരെ ചോദ്യം ചെയ്തിരുന്നു.

വീടുപണിക്കായി സജികുമാര്‍ വിറ്റ സ്വര്‍ണത്തിന്റെ ഉത്തരവാദിത്തമാണ് തങ്ങളുടെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിക്കുന്നതെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. നഷ്ടപ്പെട്ട സ്വര്‍ണത്തിന് പകരമായി എട്ട് ലക്ഷം രൂപ നല്‍കാമെന്ന് പൊലീസുകാര്‍ മര്‍ദിച്ച് എഴുതിവാങ്ങിയതായും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. രേഷമയാണ് ആത്മഹത്യാക്കുറിപ്പ് എഴുതിയതെന്നാണ് പൊലീസ് നിഗമനം.

12 വര്‍ഷത്തിലേറെയായി സുനില്‍ സജികുമാറിന്റെ കൂടെയാണ് ജോലി ചെയ്യുന്നത്. 600 ഗ്രാം സ്വര്‍ണം കാണാനില്ലെന്നാണ് സജി കുമാറിന്റെ പരാതി. ഇതില്‍ 100 ഗ്രാം സ്വര്‍ണം സുനില്‍ കുമാര്‍ വാങ്ങിയിട്ടുണ്ടെന്ന് രേഷ്മ സമ്മതിക്കുന്നു. എന്നാല്‍ ബാക്കി സ്വര്‍ണം സജികുമാര്‍ വീടുപണിക്കായി വില്‍ക്കുകയായിരുന്നു. ഇപ്പോള്‍ മുഴുവന്‍ സ്വര്‍ണത്തിന്റെയും ഉത്തരവാദിത്തം തങ്ങളുടെ മേല്‍ കെട്ടിവെക്കുകയാണെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.