തിരുവനന്തപുരം: കാട്ടാക്കടയില്‍ സി.പി.എം പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. സി.പി.എം പ്രവര്‍ത്തകനായ കുമാറിനെയാണ് ബൈക്കിലെത്തിയ സംഘം ആക്രമിച്ചത്. ഞായറാഴ്ച രാവിലെ ഏഴ് മണിയോടെ കാട്ടാക്കടക്ക് സമീപമാണ് സംഭവം.

ബൈക്കിലെത്തിയ സംഘം കുമാറിനെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. പത്ര വിതരണത്തിനായി ബൈക്കില്‍ പോവുകയായിരുന്ന ഇയാളെ പിന്നിലെത്തിയ സംഘം ഇരുമ്പ് വടി ഉപയോഗിച്ച് അടിക്കുകയായിരുന്നു. അടിയേറ്റ് നിലത്തുവീണ കുമാറിനെ പിന്നാലെ എത്തിയ സംഘം വെട്ടി. തുടര്‍ന്ന് കുമാര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമം നടത്തിയെങ്കിലും പിന്തുടര്‍ന്നും വെട്ടാന്‍ ശ്രമിച്ചു. പിന്നീട് സമീപത്തെ പെട്രോള്‍ പമ്പില്‍ കയറിയാണ് കുമാര്‍ രക്ഷപ്പെട്ടത്. കുമാര്‍ രക്ഷപ്പെട്ടതിനെ തുടര്‍ന്ന് അക്രമിസംഘം ബൈക്ക് തകര്‍ത്തു. അക്രമത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഇതിനോടകം പുറത്തു വന്നു. ഗുരുതരമായി പരിക്കേറ്റ കുമാര്‍ നെയ്യാറ്റിന്‍കര താലൂക്ക് ആസ്പത്രിയില്‍ ചികിത്സയിലാണ്.

കഴിഞ്ഞ ദിവസം സി.പി.എം പ്രവര്‍ത്തകരും എസ്.ഡി.പി.ഐ പ്രവര്‍ത്തകരും തമ്മില്‍ പ്രദേശത്ത് സംഘര്‍ഷം നിലനിന്നിരുന്നു. എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് സി.പി.എം ആരോപിച്ചു.