തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് വൈസ്പ്രസിഡന്റ് സ്ഥാനത്തു നിന്ന് സി.ആര്‍ മഹേഷ് രാജിവെച്ചു. മറ്റു പാര്‍ട്ടിയിലേക്ക് പോകില്ലെന്നും കോണ്‍ഗ്രസ് അനുഭാവിയായി തുടരുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാഹുല്‍ഗാന്ധിക്കും എ.കെ ആന്റണിക്കുമെതിരെ ഫേസ്ബുക്കിലൂടെ വിമര്‍ശനമുന്നയിച്ചത് വിവാദമായിരുന്നു. രാഹുല്‍ ഗാന്ധി നേതൃസ്ഥാനം ഒഴിയണമെന്നും ആന്റണി മൗനിബാബയായി തുടരുന്നുവെന്നുമായിരുന്നു മഹേഷിന്റെ വിമര്‍ശം. ഇതിനെതിരെ പി.സി വിഷ്ണുനാഥ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് ഇന്നു വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്ത് രാജി പ്രഖ്യാപിച്ചത്. പാര്‍ട്ടിയില്‍ ചീഞ്ഞുനാറി തുടരാനാവില്ലെന്നും ഫേസ്ബുക്കിലെ തന്റെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നുവെന്നും മഹേഷ് പറഞ്ഞു. നേതൃത്വത്തില്‍ കാര്യമായ മാറ്റം വരണമെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും ഇത് ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടതാണെന്നും സി.ആര്‍ മഹേഷ് വ്യക്തമാക്കി.