കാസര്‍ഗോഡ് പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് ,ശരത്‌ലാല്‍ എന്നിവരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഐഎം നേതാക്കളുടെ മൊഴി എടുത്തു. ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്‍,മുന്‍ എം.എല്‍.എ കെ.വി.കുഞ്ഞിരാമന്‍, സിപിഎം നേതാക്കളായ വി.പി.പി മുസ്തഫ, മണികണ്ഠന്‍ എന്നിവരുടെ മൊഴിയാണ് എടുത്തത്. കൊലപാതകത്തെക്കുറിച്ച് ക്രൈം ബ്രാഞ്ച് നടത്തുന്ന അന്വേഷണം ഫലപ്രദമല്ലെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി കേരള ഹൈക്കോടിതിയുടെ പരിഗണനയിലാണ്.
കൊല്ലപ്പെട്ട കൃപേഷിന്റെ അച്ഛന്‍ കൃഷ്ണന്‍, അമ്മ ബാലാമണി, ശരത് ലാലിന്റെ അച്ഛന്‍ സത്യ നാരായണന്‍, അമ്മ ലളിത എന്നിവരാണ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് ചൂണ്ടിക്കാട്ടി ഹര്‍ജി നല്‍കിയത്. കൊലപാതകത്തില്‍ ഉദുമ എം.എല്‍.എ കെ.കുഞ്ഞിരാമന് പങ്കുണ്ടെന്ന് ശരത് ലാലിന്റെ പിതാവ് സത്യ നാരായണന്‍ വ്യക്തമാക്കിയിരുന്നു. അന്വേഷണം വൈകിപ്പിക്കാനാണ്
ക്രൈം ബ്രാഞ്ച് സംഘം ശ്രമിക്കുന്നതെന്നാണ് ബന്ധുക്കളുടെ ആരോപണം.