ഹാവേരി (കര്‍ണാടക): കടയില്‍ നിന്ന് ബേക്കറി മോഷ്ടിച്ചെന്ന് ആരോപിച്ച് 10 വയസുകാരനെ ക്രൂരമായി മര്‍ദിച്ചും മുതുകില്‍ കല്ലു കെട്ടി വച്ചും ശിക്ഷിച്ചു. മണിക്കൂറുകളോളം നീണ്ട ക്രൂരതയില്‍ അവശനായ ബാലന്‍ മരിച്ചു. പത്തു വയസുകാരന്‍ ഹരീഷയ്യയാണ് ഒരാഴ്ചയോളം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം മരിച്ചത്. കച്ചവടക്കാരനെതിരെ പരാതി നല്‍കിയിരുന്നെങ്കിലും മരണ ശേഷമാണ് കേസെടുത്തത്. കടയുടമ ശിവരുദ്രപ്പയും കുടുംബാംഗങ്ങളും ചേര്‍ന്ന് കുട്ടിയുടെ അമ്മയെയും തല്ലിച്ചതച്ചിരുന്നു. വടക്കന്‍ കര്‍ണാടകയിലെ ഹാവേരി ജില്ലയില്‍ 16നാണു സംഭവം.

പച്ചക്കറി വാങ്ങാനെത്തിയ ഹരീഷയ്യ പലഹാരം മോഷ്ടിച്ചെന്നു പറഞ്ഞ് തലങ്ങും വിലങ്ങും തല്ലുകയായിരുന്നു. പിന്നീട്, സമീപത്തു വീടു നിര്‍മാണത്തിനെടുത്ത കുഴിയില്‍ ഇറക്കി ഇരുത്തി മുതുകില്‍ ഭാരമുള്ള പാറക്കല്ല് കെട്ടിവച്ചു. ഇതു ചോദിക്കാനെത്തിയ അച്ഛന്‍ വന്നപ്പോള്‍ അവന്‍ പാഠം പഠിക്കട്ടെ എന്ന് പറഞ്ഞ് തിരിച്ചയച്ചു. പിന്നാലെ അമ്മയും വന്ന് മകനെ വിട്ടു നല്‍കാന്‍ ആവശ്യപ്പെട്ടു. ആവശ്യം സ്വീകരിക്കാതായതോടെ അമ്മ ബഹളം വച്ചു. ഇതോടെ ഇവരെയും മര്‍ദിച്ചു. ശേഷം കുഞ്ഞിനെ വിട്ടു നല്‍കുകയായിരുന്നു.

പിന്നീട് തീരെ അവശനായ കുട്ടിയെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില വഷളായതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. പിറ്റേന്നു തന്നെ പൊലീസിനെ സമീപിച്ചെങ്കിലും മകന്‍ മരിച്ച ശേഷമാണു കേസെടുത്തതെന്നു നാഗയ്യ കണ്ണീരോടെ പറയുന്നു. സംഭവം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായി പൊലീസ് അറിയിച്ചു. ശിവരുദ്രപ്പയും വീട്ടുകാരും ഒളിവിലാണ്.