കൊച്ചി: ട്രെയിനില്‍ യുവതിക്കു നേരെ അജ്ഞാതന്റെ ആക്രമണം. ഗുരുവായൂര്‍-പുനലൂര്‍ എക്‌സ്പ്രസില്‍ വച്ചാണ് യുവതിയെ ഭീഷണിപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്ന ശേഷം ആക്രമിച്ചത്. കൈയേറ്റത്തില്‍ മുളന്തുരുത്തി സ്വദേശിനിയായ യുവതി ട്രെയിനില്‍ നിന്ന് വീണ് പരിക്കേറ്റു. നിലവില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ചെങ്ങന്നൂരിലെ സ്‌കൂളില്‍ ക്ലാര്‍ക്കായി ജോലിചെയ്യുന്ന യുവതി മാത്രമാണ് ട്രെയിനിലെ സ്ത്രീകളുടെ കമ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടായിരുന്നത്. ട്രെയിന്‍ മുളന്തുരുത്തി സ്റ്റേഷന്‍ വിട്ടതിന് പിന്നാലെ ഭിക്ഷക്കാരനെ പോലെ തോന്നിക്കുന്ന അജ്ഞാതന്‍ യുവതിയുടെ അടുത്തെത്തുകയായിരുന്നു.

പിന്നാലെ സ്‌ക്രൂഡ്രൈവര്‍ ചൂണ്ടി ഭീഷണിപ്പെടുത്തി മാലയും വളയും ഊരിവാങ്ങിച്ചു. ഇതിനുശേഷം ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ യുവതി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ് ചെയ്തതെന്നും പോലീസ് പറഞ്ഞു. അതേസമയം, യുവതിയെ ഇയാള്‍ ട്രെയിനില്‍നിന്ന് തള്ളിയിട്ടതാണോ രക്ഷപ്പെടാനായി ചാടിയതാണോ എന്നത് വ്യക്തമല്ല. ട്രെയിനില്‍ നടന്ന സംഭവമായതിനാല്‍ റെയില്‍വേ പോലീസാണ് കേസെടുത്തിരിക്കുന്നതെന്നും യുവതിയുടെ പരിക്ക് ഗുരുതരമല്ലെന്നും മുളന്തുരുത്തി പോലീസ് പറഞ്ഞു.