പൂനെ: ഇന്ത്യ – ന്യൂസിലാന്റ് രണ്ടാം ഏകദിന മത്സരത്തിന് പിച്ച് തയ്യാറാക്കിയ ക്യൂറേറ്റര്‍ പാണ്ഡുരംഗ് സല്‍ഗോങ്കറിനെ ബി.സി.സി.ഐ പുറത്താക്കി. വാതുവെപ്പുകാരായ അഭിനയിച്ച റിപ്പോര്‍ട്ടര്‍മാര്‍ക്ക് പിച്ചിന്റെ വിശദാംശങ്ങള്‍ നല്‍കിയെന്നും നിയമങ്ങള്‍ ലംഘിച്ച് പിച്ച് പരിശോധിക്കാന്‍ അനുവദിച്ചുവെന്നുമുള്ള ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ ക്യൂറേറ്റര്‍ ആയ സല്‍ഗോങ്കറിനെ സസ്‌പെന്റ് ചെയ്തത്.

മൂന്നു മത്സര പരമ്പരയിലെ രണ്ടാം മത്സരം മുന്‍ നിശ്ചയിച്ച പ്രകാരം ആരംഭിച്ചു; ടോസ് നേടിയ ന്യൂസിലാന്റ് ബാറ്റ് ചെയ്യുകയാണ്. ഇന്ത്യ സ്പിന്നര്‍ കുല്‍ദീപ് യാദവിന് പകരം ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിനെയാണ് കളിപ്പിക്കുന്നത്.
ഇന്ത്യാ ടുഡേ പുറത്തുവിട്ട സ്റ്റിങ് ഓപറേഷനില്‍ പേര് പരാമര്‍ശിക്കപ്പെട്ട സല്‍ഗോങ്കറിനെതിരെ അന്വേഷണം നടത്താന്‍ ഉദ്യോഗസ്ഥനെ നിയമിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതു വരെ സല്‍ഗോങ്കര്‍ സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നത് നിരോധിച്ചിട്ടുണ്ട്. ബി.സി.സി.ഐയും മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനും വെവ്വേറെ അന്വേഷണങ്ങള്‍ നടത്തും. ബി.സി.സി.ഐയുടെ മറ്റൊരു ക്യൂറേറ്ററിനായിരിക്കും ഇന്നത്തെ മത്സരത്തിന്റെ ചുമതല.

മൂന്നു മത്സര പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ന്യൂസിലാന്റിനോട് തോറ്റിരുന്നു. ക്യാപ്ടന്‍ വിരാട് കോഹ്‌ലി കരിയറിലെ 31-ാം സെഞ്ച്വറിയുമായി തിളങ്ങിയെങ്കിലും ടോം ലഥാമിന്റെ സെഞ്ച്വറിയും റോസ് ടെയ്‌ലറുടെ (95) മികച്ച ബാറ്റിങും സന്ദര്‍ശകര്‍ക്ക് വിജയം സമ്മാനിച്ചു.