തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഗജ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചതോടെ കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ മഴക്കു സാധ്യതയെന്ന് റിപ്പോര്‍ട്ട്. ബുധനാഴ്ച്ച അര്‍ധരാത്രിക്ക് ശേഷം ചുഴലിക്കാറ്റ് തമിഴ്‌നാട്, പുതുച്ചേരി തീരങ്ങളിലേക്ക് അടുക്കും. വ്യാഴാഴ്ച്ച വൈകിട്ടോടെ കാറ്റ് തീരംതൊടുമെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ വിലയിരുത്തല്‍.

കരയോടടുക്കുമ്പോള്‍ മണിക്കൂറില്‍ 80 മുതല്‍ 100 കിലോമീറ്റര്‍ വരെയായിരിക്കും വേഗം. ചെന്നൈയില്‍ ചുഴലിക്കാറ്റ് നേരിട്ടു ബാധിക്കില്ല. എന്നാല്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു.

കേരളത്തില്‍ തിരുവനന്തപുരമടക്കമുള്ള തെക്കന്‍ ജില്ലകളില്‍ മഴ ലഭിക്കും. പാലക്കാട്, മലപ്പുറം, വയനാട് എന്നിവിടങ്ങളിലും മഴക്ക് സാധ്യതയുണ്ട്. 15, 16 തിയതികളിലാണ് ശക്തമായ മഴ ലഭിക്കുകയെന്ന് കാലാവസ്ഥാ അറിയിപ്പില്‍ പറയുന്നു. 16ന് മലപ്പുറത്ത് ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.