ന്യൂഡല്‍ഹി: ഒരുകോടി രൂപ നഷ്ടപരിഹാരം നല്‍കിയാല്‍ മാത്രമേ ദാദ്രി കേസിലെ പ്രതി സിസോദിയയുടെ മൃതദേഹം സംസ്‌ക്കരിക്കൂവെന്ന ആവശ്യവുമായി സിസോദിയയുടെ കുടുംബം രംഗത്ത്. ദാദ്രിയില്‍ പശുവിറച്ചി കഴിച്ചുവെന്നാരോപിച്ച് കൊലചെയ്യപ്പെട്ട മുഹമ്മദ് അഖ്‌ലാഖ് കേസിലെ പ്രതിയാണ് സിസോദിയ. ഇയാള്‍ വൃക്കസംബന്ധമായ രോഗത്തെ തുടര്‍ന്ന് ജയിലില്‍ കഴിയുമ്പോഴാണ് മരണപ്പെട്ടത്. എന്നാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്നും നഷ്ടപരിഹാരം ഒരു കോടി രൂപ നല്‍കി, സിബിഐ അന്വേഷണം നടത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു. നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ മൃതദേഹം സംസ്‌ക്കരിക്കില്ലെന്നും കുടുംബം പറയുന്നു. ദേശീയ പതാക പുതച്ച മൃതദേഹം ഇപ്പോള്‍ ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുകയാണ്.

കുടുംബത്തിന്റെ പ്രതിഷേധത്തില്‍ നാട്ടുകാരും പങ്കുചേരുന്നുണ്ട്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം പറയുന്നു. സ്ഥലത്ത് കനത്ത സുരക്ഷയാണ് പോലീസ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. സിബിഐ അന്വേഷണത്തിനൊപ്പം അഖ്‌ലാഖിന്റെ സഹോദരന്‍ ജാന്‍ മൊഹമ്മദിനെതിരേയും ഗോവധത്തിന് കേസെടുക്കണമെന്ന് കുടുംബം ആവശ്യപ്പെടുന്നു.