ഡല്‍ഹി:ഡല്‍ഹി-മുംബൈ വിമാനത്തില്‍ വച്ച് തനിക്ക് നേരെ ലൈംഗികാതിക്രമമുണ്ടായെന്ന് തുറന്ന് പറഞ്ഞ് ദംഗല്‍ നായിക സൈറ വസീം. ഇന്‍സ്റ്റഗ്രാം വീഡിയോയിലാണ് ഈ ദുരനുഭവത്തെക്കുറിച്ച് സൈറ വെളഇപ്പെടുത്തിയത്. എയര്‍ വിസ്താര എയര്‍ലൈനില്‍ വച്ചാണ് സംഭവം. ഇതിനെക്കുറിച്ച് വളരെ വൈകാരികമായാണ് സൈറയുടെ പ്രതികരണം.


വിമാനത്തില്‍ യാത്ര ചെയ്യുന്നതിനിടെ നടിക്കുനേരെ ശാരീരിക അതിക്രമം ഉണ്ടാവുകയായിരുന്നു. പിന്‍ സീറ്റില്‍ യാത്ര ചെയ്തിരുന്ന ആള്‍ സൈറയെ ശാരീരികമായി ദുരുപയോഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നുവെന്നും സൈറ പറയുന്നു. ഒരു പെണ്‍കുട്ടിയോട് ഇത്തരത്തിലാണോ പെരുമാറേണ്ടത്, സ്വയം സഹായിക്കാന്‍ പെണ്‍കുട്ടികള്‍ ശ്രമിക്കാതെ ആരും സഹായിക്കാന്‍ ഉണ്ടാവില്ലെന്നും നടി പറയുന്നുണ്ട്. അറിയാതെ സംഭവിച്ചതാണെന്ന് ആദ്യം കരുതിയത്. എന്നാല്‍ പിന്നീടും തോണ്ടലും തലോടലും തുടരുകയായിരുന്നുവെന്നും സൈറ വ്യക്തമാക്കുന്നു.

അതേസമയം, നടിയുടെ ആരോപണം അന്വേഷിക്കുമെന്ന് എയര്‍ലൈന്‍ അധികൃതര്‍ വിശദമാക്കി. തന്നെ ഉപദ്രവിച്ച ആളുടെ ചിത്രമെടുക്കാന്‍ ശ്രമിച്ചെങ്കിലും വെളിച്ചക്കുറവ് മൂലം മുഖം കൃത്യമായി ലഭിച്ചില്ലെന്ന് നടി പറഞ്ഞു. എയര്‍ലൈന്‍ ജീവനക്കാര്‍ സഹായിച്ചില്ലെന്നും സൈറ ആരോപിക്കുന്നുണ്ട്. അതിനിടെ, സംഭവത്തില്‍ കേസെടുക്കുമെന്ന് ദേശീയ വനിതാകമ്മീഷന്‍ അറിയിച്ചു. എന്നാല്‍ മുംബൈ എയര്‍പോര്‍ട്ട് പോലീസ് സ്‌റ്റേഷനില്‍ ഇത് സംബന്ധിച്ച ഔദ്യോഗിക പരാതി ഇതുവരെ ലഭിച്ചിട്ടില്ല.