india

ദുര്‍ഗാപൂര്‍ ബലാത്സംഗക്കേസ്; കൂട്ടബലാത്സംഗം നടന്നിട്ടില്ല, ഒരാള്‍ മാത്രം പീഡിപ്പിച്ചു, സഹപാഠി അറസ്റ്റില്‍

By webdesk17

October 15, 2025

കൊല്‍ക്കത്ത: രണ്ടാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിനിരയായ കേസില്‍ വഴിത്തിരിവായി സഹപാഠിയുടെ അറസ്റ്റ്. വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിനിരയായിട്ടില്ലെന്നും ഒരാള്‍ മാത്രമാണ് പീഡിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു. വിദ്യാര്‍ത്ഥിനിക്കൊപ്പം ഭക്ഷണം കഴിക്കാന്‍ പോയ സഹപാഠിയെ പൊലീസ് അറസ്റ്റ് ചെയ്തു. മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇതോടെ കേസുമായി ബന്ധപ്പെട്ട് ആറ് പേരാണ് അറസ്റ്റിലായത്.

കേസില്‍ വിദ്യാര്‍ത്ഥിനിയുടെ സഹപാഠിക്കുള്ള പങ്കിനെ കുറിച്ച് പൊലീസിന് നേരത്തെ സംശയമുണ്ടായിരുന്നു. സംഭവ ദിവസം സഹപാഠി ധരിച്ച വസ്ത്രവും അറസ്റ്റിലായവരുടെ ഡി.എന്‍.എയും വിദഗ്ധ പരിശോധനക്കായി അയക്കും. കേസില്‍ ഇതുവരെ അറസ്റ്റിലായവരുടെ പങ്കിനെക്കുറിച്ചും വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. പീഡനം നടന്നു എന്നു പറയപ്പെടുന്ന കാട്ടില്‍ നിന്നും ലഭിച്ച തെളിവുകളും ഇരയുടെ മൊഴിയും അനുസരിച്ച് ഒരാള്‍ മാത്രമാണ് ബലാത്സംഗം ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.

ഒഡിഷയിലെ ജലേശ്വര്‍ സ്വദേശിയായ രണ്ടാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ വെള്ളിയാഴ്ച രാത്രിയാണ് ദുര്‍ഗാപൂര്‍ സ്വകാര്യ മെഡിക്കല്‍ കോളേജ് കാമ്പസിന് പുറത്ത് വെച്ച് പ്രതികള്‍ പീഡിപ്പിച്ചത്. സംഭവത്തെ തുടര്‍ന്ന് അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.