കോവിഡ് മരണങ്ങള്‍ പെരുകുമ്പോള്‍ ശ്മശാനത്തില്‍ നിന്നും മൃതദേഹങ്ങളുടെ വസ്ത്രങ്ങള്‍ മോഷ്ടിക്കുന്ന സംഘം ഉത്തര്‍പ്രദേശില്‍ അറസ്റ്റില്‍. ശ്മശാനത്തില്‍ സംസ്‌ക്കരിക്കാന്‍ എത്തിക്കുന്ന മൃതദേഹങ്ങളില്‍ നിന്നാണ് സംഘം വസ്ത്രങ്ങള്‍ കവരുന്നത്. ഇതിനായി പ്രത്യേക സംഘം തന്നെ പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഏഴുപേരെയാണ് ഇപ്പോള്‍ പിടികൂടിയിരിക്കുന്നത്.

കോവിഡ് മരണങ്ങളുടെ എണ്ണം കൂടിയതോടെ ഇവര്‍ സജീവമായി. മൃതദേഹങ്ങള്‍ പൊതിഞ്ഞുകൊണ്ടുവരുന്ന പുതപ്പ്, തുണികള്‍, ബെഡ്ഷീറ്റ്, വസ്ത്രങ്ങള്‍ എന്നിവയാണ് മോഷ്ടിച്ചിരുന്നത്. ഇത്തരത്തില്‍ ശേഖരിക്കുന്ന വസ്ത്രങ്ങള്‍ വൃത്തിയാക്കിയ ശേഷം വീണ്ടും വില്‍പ്പനയ്ക്ക് എത്തിക്കുന്നതാണ് രീതി. ഇവരില്‍ നിന്നും 520 ബെഡ്ഷീറ്റുകള്‍, 127 കുര്‍ത്തകള്‍, 52 വെള്ള സാരികള്‍ എന്നിവ കണ്ടെടുത്തു. ബാഗ്പത് പൊലീസ് പ്രതികളുടെ ചിത്രം ഔദ്യോഗിക പേജില്‍ പങ്കുവച്ചിട്ടുണ്ട്.