Connect with us

Culture

മരണം എന്ന അനുഭവവും ആസ്വാദനവും —–വെള്ളിത്തെളിച്ചം- ടി.എച്ച് ദാരിമി

നാവിന്റെ മുകള്‍ഭാഗത്തും വശങ്ങളിലുമായി രാസ ഉത്തേജകങ്ങള്‍ സ്വീകരിക്കാന്‍ കഴിയുന്ന സംവേദിനികള്‍ ഉള്ളതുകൊണ്ടാണ് രുചി അറിയാന്‍ കഴിയുന്നത് എന്നാണ് ജീവശാസ്ത്രം.

Published

on

കഴിഞ്ഞയാഴ്ച ഉത്തര മലബാറില്‍ ഏറ്റവും അധികം സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളിലും സഹൃദയ മനസ്സുകളിലും കയറിയിറങ്ങിയ ശബ്ദസന്ദേശം കണ്ണൂര്‍ ചെറുകുന്നിലെ ഫാത്തിമ മിസ്‌വ എന്ന പന്ത്രണ്ടാം ക്ലാസുകാരിയുടേതായിരിക്കും. പനി ബാധിച്ച് വീട്ടില്‍ വിശ്രമത്തിലിരിക്കെ കുഴഞ്ഞുവീണതോടെ ആശുപത്രിക്കിടക്കയിലെത്തിയ മിസ്‌വയുടെ നില ക്രമേണ മോശമാവുകയായിരുന്നു. അതിനിടയിലാണ് വിട മൊഴിയുടെ ധ്വനിയില്‍ മിസ്‌വയുടെ ശബ്ദസന്ദേശം പുറത്തുവന്നത്. വെറും ഒരു മിനിറ്റ് ഇരുപത്തിയഞ്ച് സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള സന്ദേശത്തില്‍ ആരോഗ്യവും പ്രതീക്ഷയും ചോര്‍ന്ന് നേര്‍ത്തുപോയ സ്വരത്തില്‍ ഈ പതിനേഴുകാരി ഓര്‍മപ്പെടുത്തുന്നത് വലിയ തത്വമാണ്. മരണം എന്നത് ആസ്വാദനമാണ് എന്ന തത്വം. വിശുദ്ധ ഖുര്‍ആനിലെ ആലു ഇംറാന്‍ അധ്യായം 185ാം വചനത്തില്‍ അല്ലാഹു പറയുന്ന ‘എല്ലാ ശരീരവും മരണത്തെ രുചിക്കുകതന്നെ ചെയ്യും’ എന്ന ഭാഗത്തിന്റെ ഇംഗ്ലീഷ് പരിഭാഷ ഉദ്ധരിച്ചുകൊണ്ടാണ് മരണം ആസ്വാദനമാണ് എന്ന് മിസ്‌വ പറയുന്നത്. തുടര്‍ന്ന് പ്രാര്‍ത്ഥനയോടെയും പ്രാര്‍ത്ഥനക്കുള്ള അര്‍ത്ഥനയോടെയും അവള്‍ സലാം പറഞ്ഞുനിറുത്തുന്നു. ഈ വാക്കുകള്‍ ഇത്രയും ശ്രദ്ധിക്കപ്പെട്ടത് ഇതു പറഞ്ഞ് അധികം വൈകാതെ അവള്‍ മരണമട ഞ്ഞതോടെയാണ്. അവളുടെ ആ വാക്കുകളിലടങ്ങിയ സന്ദേശവും ദീനാനുകമ്പ ഉണര്‍ത്തുന്ന ധ്വനിയും മരണവും ഒരേ ശ്രേണിയില്‍ വന്നതോടെ ഈ വിഷയം അവളെ അറിയുന്നവരുടെ കൈകളില്‍നിന്ന് അറിയാത്ത ആയിരങ്ങളിലേക്ക് പരക്കുകയായിരുന്നു. മരണം എന്ന അനുഭവം ആസ്വാദനമാകുക എന്ന ആ സന്ദേശമാണ് ഇന്നത്തെ വിചാരത്തിലേക്ക് ഈ സംഭവത്തെ മുന്നില്‍ നിറുത്താനുള്ള പ്രചോദനം.

എല്ലാ ശരീരവും മരണത്തെ രുചിക്കും എന്ന വാചകവും ആശയവും ഒരേ ധ്വനിയില്‍ വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് മൂന്നു സ്ഥലത്താണ്. ആലു ഇംറാന്‍ അധ്യായത്തിന്റെ 185ാം ആയത്തിലും അല്‍ അന്‍ബിയാഅ് 35ാം ആയത്തിലും അല്‍ അന്‍കബൂത്ത് 57ാം ആയത്തിലും. ഈ ആയത്തുകളിലെ ‘എല്ലാവരും മരിക്കും’ എന്ന ആശയം എല്ലാവരും അംഗീകരിക്കുന്ന കാര്യമാണ്. കാരണം അത് ഓരോ മനുഷ്യന്റെയും അനുഭവമാണ്. എത്ര ശ്രദ്ധിച്ചാലും സൂക്ഷിച്ചാലും മനുഷ്യന്‍ മരിക്കുകതന്നെ ചെയ്യും. അതേസമയം ഈ ആശയം പറയാന്‍ അല്ലാഹു പ്രയോഗിച്ചിരിക്കുന്ന ‘ദാഇഖത്തുന്‍’ എന്ന വാക്ക് പക്ഷേ, വലിയൊരു ചിന്താവിഷയമാണ്. കാരണം അതിനര്‍ഥം ഓരോ ശരീരവും മരണത്തെ രുചിക്കും എന്നതാണല്ലോ. രുചിക്കുക എന്ന വാക്ക് സുപരിചിതമാണ്. ഭക്ഷ്യത്തിന്റെയോ പാനീയത്തിന്റെയോ രുചി നാവിന്റെ ഉപരി പ്രതലം ഉപയോഗിച്ച് മനസ്സിലാക്കുന്നതിനാണ് രുചിക്കുക എന്ന് പറയാറുള്ളത്. നാവിന്റെ മുകള്‍ഭാഗത്തും വശങ്ങളിലുമായി രാസ ഉത്തേജകങ്ങള്‍ സ്വീകരിക്കാന്‍ കഴിയുന്ന സംവേദിനികള്‍ ഉള്ളതുകൊണ്ടാണ് രുചി അറിയാന്‍ കഴിയുന്നത് എന്നാണ് ജീവശാസ്ത്രം. മനുഷ്യനിലേക്ക് ബാഹ്യ വിവരങ്ങള്‍ എത്തിക്കുന്ന പഞ്ചേന്ദ്രിയങ്ങളില്‍ ഒന്നാണിത്. അല്ലാഹുവിന്റെ ഈ വാക്ക് ചിന്തയെ സ്വാധീനിക്കുന്നത് ഒന്നാമതായി ഈ വാക്കിന്റെ അര്‍ഥത്തിലൂടെ തന്നെയാണ്. കാരണം മരണത്തെ രുചിക്കും എന്നാണ് അല്ലാതെ മരിക്കും എന്നല്ല അല്ലാഹു പറയുന്നത്. ഭക്ഷ്യത്തിന്റെ കാര്യത്തില്‍ രുചിക്കുക എന്നത് തിന്നലോ കുടിക്കലോ അല്ല എന്നതു പോലെ മരണത്തിന്റെ കാര്യത്തിലും അതു രുചിക്കുക എന്നത് മരിക്കുക എന്നതല്ല എന്നത് ഇപ്പോള്‍ വ്യക്തമായി. ഇങ്ങനെ ചിന്തിച്ചുതുടങ്ങുമ്പോള്‍ ഫാത്തിമ മിസ്‌വ പങ്കുവെച്ച ആശയത്തോട് ഒന്നുകൂടി അടുക്കുകയാണ്.
മരിക്കുന്നതിന്മുമ്പ് മനുഷ്യന് ചില പ്രത്യേക അനുഭവങ്ങളും മാറ്റങ്ങളും ഉണ്ടാകുന്നുണ്ട് എന്നത് ഈ വാക്കിലൂടെ ബോധ്യപ്പെടുന്നു. അത് വിശുദ്ധ ഖുര്‍ആനില്‍നിന്നും വ്യക്തമാണ്. മരണ സമയം ചിത്രീകരിക്കുന്ന അല്‍ ഖിയാമ സൂറത്തിലെ ആയത്തുകളില്‍ മരണ വക്രത്തിലെ അനുഭവങ്ങളില്‍ അല്ലാഹു പറയുന്നു: ‘അല്ല, ആത്മാവ് തൊണ്ടക്കുഴിയിലെത്തുകയും മന്ത്രിക്കാനാരാണുള്ളത് എന്നന്വേഷിക്കപ്പെടുകയും തന്റെ വേര്‍പാടാണിതെന്ന് അവന് തോന്നുകയും കണങ്കാലുകള്‍ പരസ്പരം കൂടിച്ചേരുകയും ചെയ്യുമ്പോള്‍ അന്ന് നിന്റെ നാഥങ്കലേക്കായിരിക്കും തെളിച്ചുകൊണ്ടുപോവുക’ (അല്‍ ഖിയാമ: 27-30). തന്റെ വേര്‍പാടാണ് ഇത് എന്ന് തോന്നുന്ന എന്നാല്‍ വേര്‍പാട് അല്ലാത്ത അവസ്ഥ മനുഷ്യന് ഉണ്ടാകുന്നുണ്ട് എന്ന് ഇത് വ്യക്തമാക്കുന്നു. സൂറത്തു ഫുസ്വിലത്തില്‍ അല്ലാഹു പറയുന്നു: ‘ഞങ്ങളുടെ നാഥന്‍ അല്ലാഹുവാണ് എന്ന് പ്രഖ്യാപിക്കുകയും ആ നിലപാടില്‍ ഋജുവായി നിലകൊള്ളുകയും ചെയ്തവരിലേക്ക് മരണ സമയം മലക്കുകള്‍ ഇറങ്ങിവന്ന് ഇങ്ങനെ ശുഭവാര്‍ത്തയറിയിക്കും: നിങ്ങള്‍ ഭയപ്പെടുകയോ ദുഃഖിക്കുകയോ അരുത്; നിങ്ങള്‍ക്കുള്ള വാഗ്ദത്ത സ്വര്‍ഗം കൊണ്ട് സന്തുഷ്ടരായിക്കൊള്ളുക. ഐഹിക ജീവിതത്തിലും പരലോകത്തും നിങ്ങളുടെ സംരക്ഷകരാണ് ഞങ്ങള്‍. പരലോകത്ത് നിങ്ങള്‍ അഭിലഷിക്കുന്നതും ആവശ്യപ്പെടുന്നതുമത്രയും ഉണ്ട്. ഏറെ മാപ്പരുളുന്നവനും കരുണാമയനുമായവന്റെ ആതിഥ്യമത്രേ അത്.’ (30-32) ഇത് സാക്ഷാല്‍ മരണം സംഭവിക്കുന്നതിന്മുമ്പുള്ള അവസ്ഥയാണ്. മരണത്തിന് തൊട്ടുമുമ്പായി മനുഷ്യന്റെ ജീവിതപഥം മാറുന്നുണ്ട് എന്ന് വ്യക്തമായ സൂചന നല്‍കുന്ന ഇത്തരം ആയത്തുകളും ഹദീസുകളും നിരവധിയാണ്.

എന്നാല്‍ ഇത്തരം ഒരു മാറ്റത്തെ കുറിച്ച് ശാസ്ത്രം എന്തു പറയുന്നു എന്നത് ഈ കാര്യത്തില്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന കാര്യമാണ്. ജീവിതത്തില്‍ ഒരിക്കലെങ്കിലും തോന്നിയിട്ടുള്ള സംശയമായിരിക്കും മരിക്കുന്നതിന് തൊട്ട് മുന്‍പ് എന്തൊക്കെ മാറ്റങ്ങളും ചിന്തകളും അനുഭവങ്ങളും മനസ്സില്‍ ഉണ്ടാവുക എന്നത്. ഇതുവരെ ഇതിന് ശരിയായ ഉത്തരം കണ്ടെത്താന്‍ ശാസ്ത്രലോകത്തിന് കഴിഞ്ഞിട്ടില്ല. കാരണം അനുഭവം അനുഭവിച്ചവര്‍ നേരിട്ടു പറയുമ്പോഴേ അതിന് ബലമുണ്ടാകൂ. മരിച്ചവര്‍ അതു വന്ന് പറയുക എന്നത് അസാധ്യമാണല്ലോ. എങ്കിലും ചില സൂചനകള്‍ ശാസ്ത്രവും സമ്മതിക്കുന്നുണ്ട്. ഇക്കാര്യത്തെ അടിസ്ഥാനമാക്കി അടുത്തിടെ ലൂയിസ് വില്ലെ സര്‍വകലാശാല (ഡിശ്‌ലൃേെശ്യ ീള ഘീൗശ്െശഹഹല) ഒരു പഠനം നടത്തി. ഒരു മനുഷ്യന്റെ അവസാന നിമിഷങ്ങളില്‍ മനസ്സില്‍ കടന്നുപോകുന്ന കാര്യങ്ങളെക്കുറിച്ച് മനസിലാക്കാന്‍ ഈ പഠനത്തിലൂടെ ഒരു കൂട്ടം ഗവേഷകര്‍ ശ്രമിച്ചു. കൃത്യമായല്ലെങ്കിലും കുറെയേറെ കാര്യങ്ങള്‍ കണ്ടെത്താന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. മരിക്കുന്നതിന് തൊട്ട്മുമ്പ് മനുഷ്യ ശരീരത്തില്‍ ഉണ്ടാകുന്ന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഒന്നിലധികം സിദ്ധാന്തങ്ങള്‍ നിലവിലുണ്ട്. പക്ഷേ ഈ സിദ്ധാന്തങ്ങള്‍ക്കൊന്നും ശാസ്ത്രീയമായ അടിത്തറയില്ല. എന്നാല്‍ ഡോ. അജ്മല്‍ സെമ്മറും സഹപ്രവര്‍ത്തകരും ചേര്‍ന്ന് ഒരു വ്യക്തിയുടെ തലച്ചോറില്‍ അയാള്‍ മരിക്കുന്നതിന് നിമിഷങ്ങള്‍ക്ക്മുമ്പ് നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ പഠിക്കുകയും ശാസ്ത്രീയമായി വിശകലനം ചെയ്യുകയും ചെയ്തു. അവരുടെ അഭിപ്രായത്തില്‍ മരിക്കുന്നതിന് മുന്‍പ് മനുഷ്യ മസ്തിഷ്‌കം സജീവമാവുകയും വിവിധ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുകയും ചെയ്യുന്നു എന്നാണ്. ഈ മാറ്റങ്ങള്‍ നാഡികളുടെ സ്പന്ദനം വഴി പ്രകടമാക്കുന്നു.

ഫ്രോണ്ടിയേഴ്‌സ് ഇന്‍ ഏജിംഗ് ന്യൂറോസയന്‍സ് എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനം അനുസരിച്ച്, അപസ്മാരം ബാധിച്ച 87 വയസ്സുള്ള രോഗിയുടെ അവസാനനിമിഷങ്ങളിലെ മസ്തിഷ്‌ക പ്രവര്‍ത്തനമാണ് ഗവേഷകസംഘം പരിശോധിച്ചത്. അയാളുടെ ചികിത്സയുടെ സമയത്ത് ഇലക്ട്രോ എന്‍സെഫാലോഗ്രാഫി (ഇഇജി) ഉപയോഗിച്ചാണ് എസ്റ്റോണിയയിലെ ടാര്‍ട്ടു സര്‍വകലാശാലയിലെ ഡോ. റൗള്‍ വിസന്റ് തലച്ചോറിന്റെ പ്രവര്‍ത്തനവും മറ്റും തിരിച്ചറിഞ്ഞത്. ഓര്‍മ വീണ്ടെടുക്കുന്നത് ഉള്‍പ്പെടെ ഉയര്‍ന്ന ബൗദ്ധിക പ്രവര്‍ത്തനങ്ങള്‍ ആ സമയത്ത് മസ്തിഷ്‌കത്തില്‍ സംഭവിക്കുന്നതായി അറിഞ്ഞു. മരിക്കുന്നതിനുതൊട്ടുമുമ്പ് മനുഷ്യമസ്തിഷ്‌കം ജീവിതത്തിലെ എല്ലാ ഓര്‍മകളും പുനരാവിഷ്‌കരിക്കാന്‍ ശ്രമിക്കുന്നതായി സെമ്മര്‍ കണ്ടെത്തി. അതിഭൗതികമായി നോക്കിയാല്‍, മരിക്കുന്നതിന് തൊട്ടുമുമ്പുള്ള മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനം ഓര്‍മ വീണ്ടെടുക്കുകയോ സ്വപ്‌നം കാണുകയോ ചെയ്യുമ്പോഴുള്ള മസ്തിഷ്‌ക പ്രവര്‍ത്തനങ്ങള്‍ക്ക് സമാനമാണ്. മെസണ്‍ യൂണിവേഴ്‌സിറ്റിയിലെ ആന്‍ഡ്രൂ പീറ്റര്‍സണ്‍ നടത്തിയ പഠനം, അമേരിക്കന്‍ ബാള്‍ഫോ യൂണിവേഴ്‌സിറ്റിയിലെ ക്രിസ്റ്റഫര്‍ കേര്‍ നടത്തിയ പഠനം, മിഷിഗന്‍ യൂണിവേഴ്‌സിറ്റിയിലെ പി.എന്‍.എ.എസ് എന്ന മെഡിക്കല്‍ ജേര്‍ണല്‍ പ്രസിദ്ധീകരിച്ച പഠനം എന്നിവയെല്ലാം ഇത് ശരിവെക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ഇതിനൊക്കെ അപ്പുറത്തേക്ക് പോകാന്‍ നിലവില്‍ ശാസ്ത്രത്തിന് പരിമിധിയുണ്ട്.

ഇസ്‌ലാം പക്ഷേ ഈ അനുഭവം അരക്കിട്ടു അവതരിപ്പിക്കുന്നുണ്ട്. അതനുസരിച്ച് മരണാസന്നനായ വ്യക്തി സാക്ഷാല്‍ മരണം സംഭവിക്കുന്നതിനുമുമ്പുതന്നെ മറ്റൊരു ലോകത്തേക്ക് നീങ്ങുന്നുണ്ട്. ആ വ്യക്തി ഏതോ വൈകാരിക ആനന്ദങ്ങള്‍ക്കോ ആധികള്‍ക്കോ വിധേയനാകുന്നുണ്ട്. അത് അയാളുടെ ചേഷ്ടകളില്‍ പ്രകടമാണ്താനും. ഇതു രണ്ട് പ്രകൃതത്തില്‍ അനുഭവപ്പെടുന്നതായിട്ടാണ് തോന്നുന്നത്. ചിലര്‍ സംതൃപ്തി ദ്യോതിപ്പിക്കുന്ന ശാന്ത ഭാവത്തിന് അടിമപ്പെടുമ്പോള്‍ മറ്റു ചിലര്‍ അടക്കാനാവാത്ത വിഹ്വലതയും ഭയ വെപ്രാളങ്ങളും പ്രകടിപ്പിക്കുന്നു. ഈ അനുഭവവും അനുഭവം വിവരിക്കുന്ന പ്രമാണങ്ങളും ഒത്തുനോക്കുമ്പോള്‍ ശാന്ത ഭാവങ്ങള്‍ പൂകുന്നവര്‍ നന്മ ആസ്വദിച്ചു തുടങ്ങുകയാണ് എന്നും വിഹ്വലര്‍ തങ്ങളുടെ തിന്മകളുടെ ദുരന്തം അനുഭവിക്കാന്‍ തുടങ്ങി എന്നുമാണ് മനസ്സിലാവുക. അങ്ങനെ വരുമ്പോള്‍ മരണം എന്ന അനുഭവത്തിന് രണ്ട് പ്രകൃതങ്ങള്‍ ഉണ്ട് എന്ന് പറയാം. ഒന്ന്, ഫാത്തിമ മിസ്‌വ പറഞ്ഞുവെച്ചതുപോലെ മരണം ഹൃദയഹാരിയായ ആസ്വാദനമാണ് എന്നത്. മറ്റൊന്ന് അല്‍ ഖിയാമ സൂറത്തിലെ സൂക്തം വിവരിച്ചതുപോലെ ഒരു കാല്‍ മറുകാലിലടിച്ചും ഭയന്നും വിലപിച്ചും അനുഭവിക്കുന്ന വേദനയും. ഈ രണ്ടനുഭവങ്ങള്‍ വിശുദ്ധ ഖുര്‍ആന്‍ വിവരിക്കുന്നത് ആസ്വാദകരമായ മരണാവസ്ഥയെ തിരഞ്ഞെടുക്കാനുള്ള പ്രചോദനമാകാന്‍ വേണ്ടിയാണ്.

Film

കണ്ണൂര്‍ സ്ക്വാഡിനെക്കുറിച്ചുള്ള നിരൂപണങ്ങളും അഭിപ്രായങ്ങളും ഹൃദയം നിറയ്ക്കുന്നുവെന്ന് മമ്മൂട്ടി

താന്‍ നായകനും നിര്‍മ്മാതാവുമായ പുതിയ ചിത്രം കണ്ണൂര്‍ സ്ക്വാഡ് സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് മമ്മൂട്ടി.

Published

on

“കണ്ണൂര്‍ സ്ക്വാഡിനെക്കുറിച്ചുള്ള നിങ്ങളുടെ നിരൂപണങ്ങളും അഭിപ്രായങ്ങളും ഞങ്ങള്‍ ഏവരുടെയും ഹൃദയം നിറയ്ക്കുകയാണ്. നിങ്ങള്‍ ഓരോരുത്തരോടും ഒരുപാട് നന്ദിയുണ്ട്. ഞങ്ങള്‍ക്ക് ആഴത്തില്‍ വിശ്വാസമുണ്ടായിരുന്ന ഒരു സിനിമയാണിത്. ആത്മാര്‍ഥമായി പരിശ്രമിച്ചിട്ടുമുണ്ട്. അതിന് ഒരുപാട് സ്നേഹം തിരിച്ച് കിട്ടുന്നത് കാണുമ്പോള്‍ ഒത്തിരി സന്തോഷം”താന്‍ നായകനും നിര്‍മ്മാതാവുമായ പുതിയ ചിത്രം കണ്ണൂര്‍ സ്ക്വാഡ് സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് മമ്മൂട്ടി. എഎസ്ഐ ജോര്‍ജ് മാര്‍ട്ടിനായി മമ്മൂട്ടി എത്തുന്ന ചിത്രം ഇന്‍വെസ്റ്റി​ഗേഷന്‍ കഥയാണ്. കാസര്‍​ഗോഡ് നടക്കുന്ന ഒരു കുറ്റകൃത്യം നടത്തിയ പ്രതികളെ പിടിക്കാന്‍ ജോര്‍ജും സംഘവും ഇന്ത്യയൊട്ടാകെ നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ പശ്ചാത്തലം.

 

 

Continue Reading

Celebrity

ഹൃദയത്തോട് ചേര്‍ത്ത് വച്ചിരുന്ന ഒരാള്‍ കൂടി വിട പറയുന്നു’; കെ ജി ജോര്‍ജിന്റെ വിയോഗത്തില്‍ മമ്മൂട്ടി

ടി.കെ. രാജീവ്കുമാര്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ മഹാനഗരം (1992) എന്ന ചിത്രം നിര്‍മ്മിച്ചത് കെ.ജി.ജോര്‍ജായിരുന്നു

Published

on

അന്തരിച്ച സംവിധായകന്‍ കെ ജി ജോര്‍ജിന്റെ വിയോഗത്തില്‍ അനുസ്മരിച്ച് മമ്മൂട്ടി. ഹൃദയത്തോട് ചേര്‍ത്ത് വച്ചിരുന്ന ഒരാള്‍ കൂടി വിട പറയുന്നുവെന്നണ് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു. ടി.കെ. രാജീവ്കുമാര്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ മഹാനഗരം (1992) എന്ന ചിത്രം നിര്‍മ്മിച്ചത് കെ.ജി.ജോര്‍ജായിരുന്നു.

മമ്മൂട്ടിയുമായുള്ള കെ ജി ജോര്‍ജിന്റെ ദീര്‍ഘകാല ബന്ധത്തിന് തുടക്കമിട്ട ചിത്രം 1980ല്‍ പുറത്തിറങ്ങിയ മേളയാണ്.രഘുവും മമ്മൂട്ടിയും അഭിനയിച്ച ചിത്രത്തില്‍, സര്‍ക്കസിലെ കുറുകിയ ശരീര പ്രകൃതമുള്ള ഒരു കോമാളി, സുന്ദരിയായ ഒരു സ്ത്രീയെ വിവാഹം കഴിക്കുന്നതും പിന്നീട് അവന്റെ ജീവിതം എങ്ങനെ മാറുന്നു എന്നതിനെയും കുറിച്ചാണ്.

ഹൃദയത്തോട് ചേര്‍ത്ത് വച്ചിരുന്ന ഒരാള്‍ കൂടി വിട പറയുന്നു. ആദരാഞ്ജലികള്‍ ജോര്‍ജ് സാര്‍’. മമ്മൂട്ടി കുറിച്ചു.

1998ല്‍ പുറത്തിറങ്ങിയ ‘ഇലവങ്കോടുദേശം’ ആണ് കെ ജി ജോര്‍ജിന്റെ അവസാന ചിത്രം. 2003ല്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി അധ്യക്ഷനായിരുന്നു. 2003ല്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി അധ്യക്ഷനായിരുന്നു. 2016ല്‍ ജെ.സി. ഡാനിയേല്‍ പുരസ്‌കരത്തിന് അര്‍ഹനായി. 2006ല്‍ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ അധ്യക്ഷനായ അദ്ദേഹം അഞ്ചു വര്‍ഷം പ്രവര്‍ത്തിച്ചു. മാക്ട ചേയര്‍മാനായും കെ.ജി. ജോര്‍ജ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

Continue Reading

Celebrity

പ്രശസ്ത സംവിധായകന്‍ കെ.ജി. ജോര്‍ജ് അന്തരിച്ചു

യവനിക, പഞ്ചവടിപ്പാലം, ഇരകള്‍, ആദാമിന്റെ വാരിയെല്ല് തുടങ്ങിയ ചിത്രങ്ങളിലൂടെ തൊട്ടതെല്ലാം പൊന്നാക്കിയാണു മലയാള സിനിമയില്‍ അദ്ദേഹം ചുവടുറപ്പിച്ചത്.

Published

on

പ്രശസ്ത സംവിധായകന്‍ കെ.ജി. ജോര്‍ജ് (78) അന്തരിച്ചു. എറണാകുളം കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.വാര്‍ധക്യസഹജമായ അസുഖങ്ങളും അലട്ടിയിരുന്നു. യവനിക, പഞ്ചവടിപ്പാലം, ഇരകള്‍, ആദാമിന്റെ വാരിയെല്ല് തുടങ്ങിയ ചിത്രങ്ങളിലൂടെ തൊട്ടതെല്ലാം പൊന്നാക്കിയാണു മലയാള സിനിമയില്‍ അദ്ദേഹം ചുവടുറപ്പിച്ചത്. സ്വപ്നാടനം എന്ന ആദ്യ ചിത്രത്തിനു തന്നെ ദേശീയ പുരസ്‌കാരം തേടിയെത്തി. 40 വര്‍ഷത്തിനിടെ 19 സിനിമകളാണ് സംവിധാനം ചെയ്തത്.

ഗായകനും നടനുമായ പാപ്പുക്കുട്ടി ഭാഗവതരുടെ മകളും ഗായികയുമായ സല്‍മയാണ് ഭാര്യ. 1977 ഫെബ്രവരി ഏഴിനായിരുന്നു വിവാഹം. ശരദിന്ദു മലര്‍ദീപ നാളം നീട്ടി (ഉള്‍ക്കടല്‍ )എന്ന ഹിറ്റ് ഗാനം ആലപിച്ചത് സല്‍മയാണ്. നടന്‍ മോഹന്‍ ജോസ് ഭാര്യാ സഹോദരനാണ്. അരുണ്‍, താര എന്നീ രണ്ടു മക്കള്‍.

സാമുവല്‍ – അന്നാമ്മ ദമ്പതികളുടെ മൂത്ത മകനായി 1945 മെയ് മെയ് 24ന്. തിരുവല്ലയിലായിരുന്നു കെ.ജി.ജോര്‍ജിന്റെ ജനനം. കുളക്കാട്ടില്‍ ഗീവര്‍ഗീസ് ജോര്‍ജ് എന്നാണ് മുഴുവന്‍ പേര്. തിരുവല്ല എസ്ഡി സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.

ചങ്ങനാശേരി എന്‍എസ്എസ് കോളജില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം നേടിയ ശേഷം പുണെ ഫിലിം ഇന്‍സ്റ്റിട്ട്യൂട്ടില്‍ നിന്നും സിനിമാ സംവിധാനം കോഴ്‌സ് പൂര്‍ത്തിയാക്കി. പ്രശസ്ത സംവിധായകന്‍ രാമു കാര്യാട്ടിന്റെ സഹായിയായിട്ടാണ് സിനിമാരംഗത്തേയ്ക്കു ചുവടുവച്ചത്.

നെല്ല് എന്ന ചിത്രത്തിന് തിരക്കഥയൊരുക്കി. ആദ്യ ചിത്രമായ ‘സ്വപ്നാടനം’ 1976ല്‍ ആണ് പുറത്തിറങ്ങിയത്. മികച്ച മലയാള ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരവും മികച്ച പ്രാദേശിക ഭാഷാ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും ‘സ്വപ്നാടനം’ നേടി.

മികച്ച തിരക്കഥയ്ക്ക് പമ്മന്‍, കെ.ജി. ജോര്‍ജ് എന്നിവര്‍ക്കും പുരസ്‌കാരം ലഭിച്ചു. ഉള്‍ക്കടല്‍, മേള, യവനിക, ലേഖയുടെ മരണം ഒരു ഫ്‌ലാഷ്ബാക്ക്, ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, ഇരകള്‍, മറ്റൊരാള്‍ തുടങ്ങിയവയാണ് ജോര്‍ജിന്റെ മറ്റു പ്രധാന ചിത്രങ്ങള്‍. ഇവയില്‍ മിക്കവയും ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടി. 1998ല്‍ പുറത്തിറങ്ങിയ ‘ഇലവങ്കോടുദേശം’ ആണ് അവസാന ചിത്രം.

ടി.കെ. രാജീവ്കുമാര്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ മഹാനഗരം (1992) എന്ന ചിത്രം നിര്‍മ്മിച്ചത് കെ.ജി.ജോര്‍ജാണ്. 2003ല്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി അധ്യക്ഷനായിരുന്നു.

200ല്‍ ദേശീയ ഫിലിം അവാര്‍ഡ് ജൂറി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2016ല്‍ ജെ.സി. ഡാനിയേല്‍ പുരസ്‌കരത്തിന് അര്‍ഹനായി. 2006ല്‍ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ (കെഎസ്എഎഫ്ഡിസി) അധ്യക്ഷനായി. അഞ്ചു വര്‍ഷം പ്രവര്‍ത്തിച്ചു. മാക്ട ചെയര്‍മാനായും പ്രവര്‍ത്തിച്ചു

Continue Reading

Trending