ദോഹ: യെമന്‍ സ്വദേശിയായ സ്വര്‍ണ വ്യാപാരിയെ കൊലപ്പെടുത്തിയ കേസില്‍ നാല് മലയാളികള്‍ക്ക് വധശിക്ഷ വിധിച്ച് ഖത്തര്‍. ഖത്തറിലെ ക്രിമിനല്‍ കോടതിയാണ് വധശിക്ഷ വിധിച്ചത്.

27 മലയാളികളെയാണ് കേസില്‍ പ്രതിചേര്‍ത്തിരുന്നത്. അതില്‍ ഒന്നു മുതല്‍ 4 വരെയുള്ള പ്രതികളായ കെ അഷ്ഫീര്‍, അനീസ്, റാഷിദ് കുനിയില്‍, ടി ഷമ്മാസ് എന്നിവര്‍ക്കാണു വധശിക്ഷ. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളാണ് നാലുപേരും. മറ്റു പ്രതികള്‍ക്ക് 5 വര്‍ഷം, 2 വര്‍ഷം, 6 മാസം വീതം ജയില്‍ശിക്ഷയുമാണ് ശിക്ഷ. ഏതാനും പേരെ വിട്ടയച്ചിട്ടുണ്ട്.

2019 ജൂണിലാണു കേസിന് ആസ്പദമായ സംഭവം. ഉറങ്ങിക്കിടന്ന വ്യാപാരിയെ അഷ്ഫീറും കൂട്ടാളികളും ചേര്‍ന്നു കൊലപ്പെടുത്തിയെന്നും സ്വര്‍ണവും പണവും കവര്‍ന്നു നാട്ടിലേക്ക് അയച്ചെന്നുമാണു കേസ്. 27 പേരില്‍ 3 പ്രധാന പ്രതികള്‍ പിടിയിലാകും മുമ്പു ഖത്തര്‍ വിട്ടിരുന്നു.