കേരളത്തിലെ തിയ്യേറ്ററുകളില്‍ അന്യഭാഷാ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ തിരിഞ്ഞ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഡീന്‍ കുര്യാക്കോസിന് കേരളത്തിലെ വിജയ് ഫാന്‍സിന്റെ ഭീഷണി. മറ്റുഭാഷാ ചിത്രങ്ങളുടെ റിലീസ് തടയുമെന്ന ഡീന്‍ കുര്യാക്കോസിന്റെ പോസ്റ്റിനു താഴെയാണ് ഭീഷണി മുഴക്കിയുള്ള കമന്റുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

മലയാള ചിത്രങ്ങള്‍ ഒഴിവാക്കി അന്യഭാഷാ ചിത്രങ്ങളുടെ റിലീസുമായി മുന്നോട്ട് പോകാനുള്ള എ ക്ലാസ് തിയ്യേറ്ററുടമകള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. മലയാള ചിത്രങ്ങള്‍ക്കു പകരം പ്രദര്‍ശിപ്പിക്കുന്ന വിജയ് ചിത്രം ഭൈരവാ, സൂര്യയുടെ എസ് ത്രീ, ഷാരൂഖ് ഖാന്‍ ചിത്രം റയീസ് എന്നീ സിനിമകളുടെ പ്രദര്‍ശനം തടയുമെന്നാണ് യൂത്ത് കോണ്‍ഗ്രസ് അറിയിച്ചിരിക്കുന്നത്. തടയാന്‍ വന്നോളൂ, പക്ഷേ വീട്ടുകാരോട് വാഴയില വെട്ടിയിട്ട് കാത്തിരിക്കാന്‍ പറഞ്ഞിട്ടായിരിക്കണം അത് എന്നായിരുന്നു ഒരാളുടെ കമന്റ്.

വിജയ് കേരളത്തിന്റെ ദത്തുപുത്രനാണ്. റിലീസ് തടയാന്‍ സമ്മതിക്കില്ല. 12ന് സിനിമ തടയാന്‍ വന്നാല്‍ വിവരമറിയും. ഞങ്ങള്‍ കോണ്‍ഗ്രസ്സുകാരായ വിജയ് ഫാന്‍സാണെന്നും സിനിമ തടഞ്ഞാല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോകുമെന്നും ചിലര്‍ പറയുന്നു. ഡീനിന്റെ മൊബൈല്‍ നമ്പറും പരസ്യപ്പെടുത്തി ചിലര്‍ തെറിവിളിയും ഭീഷണിയും നടത്തുന്നുണ്ട്. വിജയും കീര്‍ത്തി സുരേഷും ജോഡികളായി അഭിനയിക്കുന്ന ‘ഭൈരവ’ കേരളത്തിലെ 200 തിയ്യേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാനാണ് ആലോചന.