കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ കഷ്ടകാലം തുടരുന്നു. സീസണിന്റെ തുടക്കം മുതല്‍ വിടാതെ പിന്തുടരുന്ന പരിക്ക് ഒടുവില്‍ യുവതാരങ്ങളേയും വേട്ടയാടുന്നു. ബ്രൗണും, ബെര്‍ബറ്റോവും, സി ലെ, വിനീത്, റിനോ ആന്റോ തുടങ്ങിയവര്‍ പരിക്കേറ്റ് പല മത്സരങ്ങളില്‍ പുറത്തിരിക്കേണ്ടി വന്നത് ടീമിനെ സാരമായി ബാധിക്കുകയും ചെയ്തിരുന്നു. ജനുവരിയില്‍ എത്തിയ കിസിറ്റോയും പരിക്ക് കാരണം ടീമിന് പുറത്താണ്. കഴിഞ്ഞ മത്സരത്തില്‍ തിളങ്ങിയ യുവതാരം ദീപേന്ദ്ര നേഗിയാണ് പുതുതായി പരിക്കേറ്റവരുടെ പട്ടികയിലെത്തിയിരിക്കുന്നത്. കാലിന് പരിക്കേറ്റ താരം അടുത്ത മത്സരത്തിന് ഉണ്ടാകില്ല. എത്ര ദിവസം നേഗിക്ക് വിശ്രമം വേണ്ടി വരുമെന്ന് ക്ലബ് ഇതുവരെ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. ഇന്‍സ്റ്റാഗ്രാമിലൂടെ നേഗി തന്നെയാണ് തനിക്ക് പരിക്കേറ്റ ചിത്രങ്ങള്‍ പങ്കുവെച്ചത്. അരങ്ങേറ്റത്തില്‍ തന്നെ ഒരു ഗോളും വിജയ ഗോളിനായുള്ള പെനാല്‍റ്റിയും നേടി ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ പ്രിയ താരമായി മാറിയിരുന്നു നേഗി.