Sports

ദക്ഷിണാഫ്രിക്കക്കെതിരെ തോല്‍വി; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് തിരിച്ചടി

By webdesk18

November 16, 2025

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പോയന്റ് പട്ടികയില്‍ ഇന്ത്യക്ക് തിരിച്ചടി. കൊല്‍ക്കത്ത ടെസ്റ്റിലെ തോല്‍വിക്ക് പിന്നാലെ പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്തേക്ക് വീണു. ജയത്തോടെ ദക്ഷിണാഫ്രിക്ക രണ്ടാമതെത്തിയപ്പോള്‍ ഓസ്‌ട്രേലിയ തലപ്പത്ത് തുടരുകയാണ്.

54.17 പോയന്റുമായി ഇന്ത്യ നാലാം സ്ഥാനത്താണ്. എട്ട് മത്സരങ്ങളില്‍ നിന്ന് നാല് ജയവും മൂന്ന് തോല്‍വിയും ഒരു സമനിലയുമാണ് ഇന്ത്യക്കുള്ളത്. ഈഡന്‍ ഗാര്‍ഡന്‍സില്‍ 30 റണ്‍സിനാണ് ഇന്ത്യ തോറ്റത്. പ്രോട്ടീസ് ഉയര്‍ത്തിയ 124 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 93 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായ പരമ്പര ഇരുടീമുകള്‍ക്കും നിര്‍ണായകമാണ്. രണ്ട് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

നാലു വിക്കറ്റ് വീഴ്ത്തിയ സൈമണ്‍ ഹാര്‍മറും രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ മാര്‍ക്കോ യാന്‍സനും കേശവ് മഹാരാജും ചേര്‍ന്നാണ് ഇന്ത്യയെ കൂടാരം കയറ്റിയത്. 92 പന്തില്‍ നിന്ന് 31 റണ്‍സെടുത്ത വാഷിങ്ടണ്‍ സുന്ദറിന് മാത്രമാണ് ഈഡനിലെ പിച്ചില്‍ അല്‍പമെങ്കിലും പിടിച്ചുനില്‍ക്കാനായത്.