ന്യൂഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലെ അഞ്ച് വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ആം ആദ്മിക്ക് ഉജ്ജ്വല വിജയം. അഞ്ച് സീറ്റുകളിലേക്ക് നടന്ന മത്സരത്തില്‍ നാല് സീറ്റിലും ആം ആദ്മി ഉജ്ജ്വല വിജയം നേടി. ഒരു സീറ്റ് കോണ്‍ഗ്രസ് നേടിയപ്പോള്‍ ബിജെപിക്ക് ചിത്രത്തില്‍ ഇടം പിടിക്കാനായില്ല.

കല്യാണ്‍പുരി, ത്രിലോക്പുരി എന്നീ സീറ്റുകള്‍ പാര്‍ട്ടി നിലനിര്‍ത്തിയപ്പോള്‍ നേരത്ത ബിഎസ്പി വിജയിച്ച രോഹിണിസി ആം ആദ്മി പിടിച്ചെടുത്തു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി വിജയിച്ചതിനെ തുടര്‍ന്ന് ഒഴിവു വന്ന ഷാലിമാര്‍ ബാഗ് നോര്‍ത്തില്‍ ആം ആദ്മി സ്ഥാനാര്‍ത്ഥി വിജയിച്ചു. ബാംഗര്‍ വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും വിജയിച്ചു. ദില്ലിയിലെ ജനങ്ങള്‍ ജോലിയുടെ പേരില്‍ വീണ്ടും വോട്ട് ചെയ്തുവെന്നും എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. 15 വര്‍ഷമായി കോര്‍പ്പറേഷനില്‍ ബിജെപി തെറ്റിദ്ധരിപ്പിക്കുകയാണ്.

ജനങ്ങള്‍ക്ക് മടുപ്പുണ്ടാക്കിയെന്നും അടുത്തു വരുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വലിയ തിരിച്ചടിയുണ്ടാകുമെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. പാര്‍ട്ടിയുടെ വിജയം സ്ഥാനാര്‍ത്ഥികളുടെ കഠിനാധ്വാനത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ശക്തിസിങ് ഗോഹില്‍ പറഞ്ഞു. മൂന്ന് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലുമായി 272 വാര്‍ഡുകളാണുള്ളത്. അടുത്ത വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ശക്തിപ്രകടനം കൂടിയായിട്ടായിരുന്നു ഈ ഉപതെരഞ്ഞെടുപ്പിന് രാഷ്ട്രീയ പാര്‍ട്ടികള്‍ കണ്ടത്.