ന്യൂഡല്‍ഹി: കര്‍ഷകര്‍ക്ക് പിന്തുണയര്‍പ്പിച്ച് രംഗത്തെത്തിയ സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ ത്യുന്‍ബെയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്. കര്‍ഷക സമരവുമായി ബന്ധപ്പെട്ട് നടത്തിയ ട്വീറ്റുകളുടെ പേരിലാണ് കേസെടുത്തത്. മതത്തിന്റെ പേരില്‍ ശത്രുത പരത്തുകയും ക്രിമിനല്‍ ഗൂഢാലോചന നടത്തുകയും ചെയ്തു എന്ന് ആരോപിച്ചാണ് കേസ്.

കര്‍ഷക സമരത്തെ പിന്തുണച്ച് പോപ് ഗായിക റിഹാന ട്വീറ്റ് ചെയ്തതിനു പിന്നാലെയാണ് ചൊവ്വാഴ്ച ഗ്രെറ്റ തുന്‍ബെയും ട്വീറ്റ് ചെയ്തത്. ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി പ്രഖ്യാപിച്ചുകൊണ്ടുള്ളതായിരുന്നു അവരുടെ ട്വീറ്റ്. കര്‍ഷക സമരം നടക്കുന്ന സ്ഥലത്ത് ഇന്റര്‍നെറ്റ് അടക്കമുള്ളവ വിച്ഛേദിച്ച സര്‍ക്കാര്‍ നടപടിയെക്കുറിച്ചുള്ള സിഎന്‍എന്‍ വാര്‍ത്തയും അവര്‍ ട്വീറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു.