യാത്രക്കാരിയെ കാറിനുള്ളില്‍ പൂട്ടിയിട്ട് യൂബര്‍ ഡ്രൈവര്‍ ക്രൂരമായി പീഡിപ്പിച്ചു. ദേശീയ തലസ്ഥാനത്താണ് നാടിനെ നടുക്കിയ സംഭവം. സ്വകാര്യ കമ്പനി ഉപദേശകയായ 29കാരിയാണ് പീഡനത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് 22കാരനായ ഹരിയാന സ്വദേശി സഞ്ജീവിനെ പൊലീസ് അറസ്റ്റു ചെയ്തു.

ഹരിയാനയിലെ വീട്ടിലേക്ക് പോകുന്നതിനായാണ് യുവതി യൂബര്‍ ടാക്‌സി ബുക്ക് ചെയ്തത്. എന്നാല്‍ അല്‍പദൂരം പിന്നിട്ടപ്പോള്‍ പോകാനുള്ള വഴിയില്‍ നിന്ന് വ്യതിചലിച്ച് മറ്റൊരു റോട്ടിലൂടെ കാര്‍ പോകുന്നത് ശ്രദ്ധയില്‍പ്പെട്ട യുവതി ബഹളംവെച്ചു. എന്നാല്‍ സെന്‍ട്രല്‍ ലോക്ക് ആയിരുന്നതിനാല്‍ ഡോര്‍ തുറന്ന് പുറത്ത് ചാടാനും സാധിച്ചില്ല. തുടര്‍ന്ന് ഒറ്റപ്പെട്ട സ്ഥലത്തു വെച്ച് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഡ്രൈവര്‍ അമിതമായി മദ്യപിച്ചിരുന്നുവെന്നും യൂബറില്‍ രജിസ്റ്റര്‍ ചെയ്ത ഡ്രൈവറല്ലെന്നും ഇയാള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് ഇല്ലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. കൂടാതെ വാഹനത്തില്‍ മഞ്ഞ നിറത്തിലുള്ള വാണിജ്യ നമ്പര്‍ പ്ലേറ്റ് പതിപ്പിക്കുകയോ സണ്‍ ഗ്ലാസ് ഒഴിവാക്കുകയോ ചെയ്തിരുന്നില്ല.

ഡ്രൈവറെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് അറിയിച്ചു. അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്ന് യൂബര്‍ അധികൃതര്‍ വ്യക്തമാക്കിയതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ അസ്‌ലം ഖാന്‍ പറഞ്ഞു.