ലണ്ടന്‍: അമ്മയോട് ഫോണില്‍ അറബിയില്‍ സംസാരിച്ച അമേരിക്കന്‍ സോഷ്യല്‍ മീഡിയ സ്റ്റാര്‍ ആദം സ്വാലിഹിനെയും സുഹൃത്തിനെയും ഡല്‍റ്റ എയര്‍ലൈന്‍സ് വിമാനത്തില്‍നിന്ന് ഇറക്കിവിട്ടു. ലണ്ടനില്‍നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള വിമാനത്തില്‍ പ്രകോപനം സൃഷ്ടിച്ചുവെന്ന് ആരോപിച്ചാണ് ഇരുവരെയും പുറത്താക്കിയത്.

ചില യാത്രക്കാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് ഡല്‍ട്ട എയര്‍ലൈന്‍സ് വിമാനത്തില്‍നിന്ന് തങ്ങളെ ഇറക്കിവെട്ടതെന്ന് ആദം സ്വാലിഹ് പറയുന്നു. അമ്മയോട് ഫോണില്‍ സംസാരിക്കുന്നത് ചില യാത്രക്കാര്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. തുടര്‍ന്ന് സുഹൃത്ത് സ്ലിമ്മിനോടും അറബിയിലാണ് സംസാരിച്ചത്.
അറബി ഭാഷയോടുള്ള അസഹിഷ്ണുതയാണ് തങ്ങളെ പുറത്താക്കാന്‍ കാരണമെന്ന് അദ്ദേഹം ആരോപിച്ചു. വിമാനത്തിന്റെ പൈലറ്റ് തങ്ങളോട് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെടുന്ന വീഡിയോ ദൃശ്യം സ്വാലിഹ് ഫേസ്ബുക്കില്‍ പോസ്റ്റ്‌ചെയ്തിട്ടുണ്ട്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.


വിമാനത്തില്‍നിന്ന് തന്നെ പുറത്താക്കുന്ന ദൃശ്യം സ്വാലിഹ് വീഡിയോയില്‍ പകര്‍ത്തിയിരുന്നു. വിമാനത്തില്‍ വ്യത്യസ്തമായ ഒരു ഭാഷ സംസാരിച്ചതിന്റെ പേരിലാണ് തങ്ങള്‍ പുറത്താക്കപ്പെട്ടതെന്ന് അദ്ദേഹം വീഡിയോയില്‍ പറയുന്നുണ്ട്. അറിബിയില്‍ ഒരു വാക്കു പറഞ്ഞതാണോ താങ്കളെ അസ്വസ്ഥനാക്കിയതെന്ന് സ്വാലിഹ് ഒരു സഹയാത്രക്കാരനോട് ചോദിക്കുന്നതും കേള്‍ക്കാം. ഡല്‍റ്റ എയര്‍ലൈന്‍സ് വിമാനത്തില്‍നിന്ന് ഇറക്കിവിട്ടതിനെ തുടര്‍ന്ന് സ്വാലിഹും സുഹൃത്ത് സ്ലിം അല്‍ബഹാറും മറ്റൊരു വിമാനത്തിലാണ് ന്യൂയോര്‍ക്കിലെത്തിയത്. അമേരിക്കയിലെ പ്രശസ്ത യൂട്യൂബ് സ്റ്റാറായ സ്വാലിഹിന് 15 ലക്ഷം പ്രേക്ഷകരുണ്ട്. അദ്ദേഹത്തെയും സുഹൃത്തിനെയും പുറത്താക്കിയതായി ഡല്‍റ്റ എയര്‍ലൈന്‍സും സ്ഥിരീകരിച്ചു.
കാബിനില്‍ ശല്യംചെയ്തുവെന്ന യാത്രക്കാരുടെ പരാതിയെ തുടര്‍ന്നാണ് ഇതെന്നും സംഭവത്തിന്റെ നിജസ്ഥിതി അറിയാന്‍ അന്വേഷണം തുടരുകയാണെന്നും എയര്‍ലൈന്‍സ് അറിയിച്ചു. മതപരമായ വിവേചനമാണോ യഥാര്‍ത്ഥ കാരണമെന്ന് അന്വേഷിക്കുമെന്നും കമ്പനി പറഞ്ഞു.