ന്യൂഡല്‍ഹി: 500,1000 നോട്ടുകള്‍ അസാധുവാക്കിയ വിഷയത്തില്‍ സുപ്രീം കോടതില്‍ കേന്ദ്ര സര്‍ക്കാര്‍ വീണ്ടും തിരിച്ചടി. നോട്ട് പിന്‍വലിച്ചതുമായി ബന്ധപ്പട്ട് രാജ്യത്തിന്റെ വിവിധ കോടതികളില്‍ നിലനില്‍ക്കുന്ന കേസുകള്‍ സ്‌റ്റേ ചെയ്യണമെന്ന കേന്ദ്രത്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. കേന്ദ്രത്തിന്റെ ആവശ്യം ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

അതേസമയം, കേസുകള്‍ എല്ലാം ഒരു കോടതിയിലേക്ക് മാറ്റണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം കോടതി ഡിസംബര്‍ രണ്ടിന് പരിഗണിക്കും. വിഷയത്തില്‍ ബന്ധപ്പെട്ടവര്‍ക്ക് നോട്ടീസ് അയക്കും.

നോട്ട് നിരോധനവുമായി ബന്ധപ്പെട്ട കേസില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ നേരത്തെ സുപ്രീം കോടതി രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. നോട്ട് നിരോധനവും തുടര്‍ന്നുള്ള നിയന്ത്രണങ്ങളും പൊതുജനങ്ങളെ കനത്ത ദുരിതമാണ് നല്‍കിയെന്ന് കോടതി നിരീക്ഷിച്ചു. രാജ്യത്തെ സ്ഥിതി അതീവ ഗുരുതരമാണെന്നും തെരുവുകളില്‍ കലാപങ്ങള്‍ കാണേണ്ടിവരുമെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

നിലവില്‍ നോട്ട് നിരോധനം പിന്‍വലിക്കണമെന്ന് ആവശ്യവുമായി രാജ്യത്തെ വിവിധ ഹൈക്കോടതികളില്‍ ഹര്‍ജികള്‍ നിലനില്‍ക്കുന്നുണ്ട്.
സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട് വിവിധ ഹൈക്കോടതികള്‍ അടക്കമുള്ളവയില്‍ ഉള്ള ഹര്‍ജികളുമായി ബന്ധപ്പെട്ടവര്‍ക്ക് മുന്നോട്ടു പോവാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.