ലഖ്‌നൗ: മോദി സര്‍ക്കാരിന്റെ നോട്ടുനിരോധത്തെയും പണരഹിത സാമ്പത്തിക ഇടപാടുകളെയും പുകഴ്ത്തി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നിര്‍ണായകമായ നീക്കത്തെ അനുകൂലിക്കാന്‍ യോഗി ആദിത്യനാഥ് കൂട്ടുപിടിച്ചതാവട്ടെ സാക്ഷാല്‍ ശ്രീകൃഷ്ണനെ. ലഖനൗവില്‍ നടന്ന പരിപാടിക്കിടെയാണ് പണരഹിത സാമ്പത്തിക കൈമാറ്റം ഭഗവാന്‍ കൃഷ്ണന്റെ കാലം മുതല്‍ ഉണ്ടായിരുന്നുവെന്ന് യോഗി ആദിത്യനാഥ് പറഞ്ഞത്.

ബാല്യകാല സുഹൃത്തായ കുചേലന്‍ സഹായം അഭ്യര്‍ഥിച്ച് കൃഷ്ണന്റെ അടുക്കലെത്തിയപ്പോള്‍ സഹായമായി നല്‍കിയിരുന്നത് പണമായിരുന്നില്ല. പണരഹിത സാമ്പത്തിക ഇടപാടുകള്‍ 5,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്നിരുന്നുവെങ്കില്‍ ഇപ്പോള്‍ എന്തുകൊണ്ടായിക്കൂടാ എന്നും യോഗി ആദിത്യനാഥ് ചോദിച്ചു.