മക്ക: സംസം കിണര്‍ പുനരുദ്ധാരണ ജോലികള്‍ പുരോഗമിക്കുന്നതായി ഹറംകാര്യ പ്രസിഡന്‍സി മേധാവി ഡോ.അബ്ദുറഹ്മാന്‍ അല്‍സുദൈസ് പറഞ്ഞു. അടുത്ത റമസാന് മുമ്പായി പദ്ധതി പൂര്‍ത്തിയാക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്നും സുദൈസ് പറഞ്ഞു. സംസം കിണര്‍ പുനരുദ്ധാരണ പദ്ധതി കണക്കിലെടുത്ത് മതാഫിലേക്കുള്ള പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട്. പദ്ധതിക്ക് വേണ്ടി മതാഫിന്റെ നല്ലൊരു ഭാഗം അടച്ചത് മതാഫില്‍ അഭൂതപൂര്‍വമായ തിരക്ക് ഉടലെടുക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്.

സംസം കിണര്‍ പുനരുദ്ധാരണത്തിന് സഊദി ഭരണാധികാരി സല്‍മാന്‍ രാജാവാണ് നിര്‍ദേശം നല്‍കിയത്. രണ്ട് ഭാഗങ്ങള്‍ അടങ്ങിയതാണ് പദ്ധതി. ഇതില്‍ ഒന്ന് സംസം കിണറിലേക്ക് കിഴക്ക് ഭാഗത്തെ മതാഫില്‍ നിന്നുള്ള സര്‍വീസ് ടണലുകളുടെ നിര്‍മാണ പൂര്‍ത്തീകരണമാണ്. അഞ്ച് സര്‍വീസ് ടണലുകളാണ് നിര്‍മിക്കുന്നത്. ഇവയുടെ ആകെ വീതി എട്ട് മീറ്ററും നീളം 120 മീറ്ററുമാണ്. രണ്ടാമത്തെ ഭാഗം സംസം കിണറിന്റെ ചുറ്റ് ഭാഗത്തുമുള്ള പ്രദേശം, പഴയ ഹറമിന്റെ കോണ്‍ക്രീറ്റിന്റെയും കമാനത്തിന്റെ ഇരുമ്പിന്റെയും അവശിഷ്ടങ്ങളില്‍ നിന്ന് അണുവിമുക്തമാക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തിനുമുള്ള പദ്ധതിയുടെ അവസാനഘട്ടത്തിന്റെ പൂര്‍ത്തീകരണമാണ്.

സംസം കിണറിന്റെ ഉറവിടങ്ങളില്‍ ഹാനികരമായ പദാര്‍ഥങ്ങളുടെ അനുപാതം സാധ്യമായത്ര കുറയ്ക്കുകയും അണുവിമുക്തമാക്കിയ ചെറുകല്ലുകള്‍ പ്രദേശത്ത് നിറക്കുകയുമാണ് ചെയ്യുന്നത്. ഇത് സംസം കിണറിലേക്കുള്ള ജല സ്രോതസ്സുകളുടെ പ്രവാഹം കൂടുതല്‍ മെച്ചപ്പെടുത്തും. പദ്ധതി പൂര്‍ത്തിയാകുന്നതിന് ഏഴ് മാസമെടുക്കുമെന്നാണ് കണക്കാക്കുന്നത്.