ന്യൂഡല്‍ഹി: രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ദൈവത്തില്‍ നിന്നുള്ള ചില പ്രവൃത്തികളാണെന്ന ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ വാദം വിവാദമാകവേ മറുപടിയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. മഹാമാരി ദൈവത്തിന്റെ ചെയ്തിയാണെങ്കില്‍ കൊവിഡിന് മുന്‍പ് 2017-2018, 2018-2019,2019-2020 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയെ സ്തംഭിപ്പിച്ച സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്താണെന്ന് പി.ചിദംബരം ചോദിച്ചു. ദേവദൂതയെന്ന നിലയില്‍ നിര്‍മ്മല സീതാരാമന്‍ ഇതിന് ഉത്തരം നല്‍കാമോ എന്നാണ് അദ്ദേഹം ട്വിറ്ററില്‍ക്കുറിച്ചത്.

സംസ്ഥാനങ്ങളുടെ മുകളിലേക്ക് എല്ലാ സാമ്പത്തിക ബാധ്യതകളും അടിച്ചേല്‍പ്പിക്കുന്ന കേന്ദ്ര നയം അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനങ്ങളോട് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് കൂടുതല്‍ വായ്പയെടുക്കാനുള്ള ധനമന്ത്രിയുടെ നിര്‍ദേശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ സാമ്പത്തിക പ്രതിസന്ധിയ്ക്കും മറുപടി പറയാതെ ഒഴിഞ്ഞു നില്‍ക്കുന്ന കേന്ദ്ര നയം തികഞ്ഞ വഞ്ചനും നിയമലംഘനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയ്ക്ക് കാരണം കൊവിഡ് മൂലമുണ്ടായ ലോക്ഡൗണാണെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ലെന്ന നിരീക്ഷണവുമായി സാമ്പത്തിക വിദഗ്ധരും രംഗത്തെത്തിയിരുന്നു. ജി.എസ്.ടി കൗണ്‍സില്‍ യോഗത്തിന് ശേഷം ലോക്ഡൗണാണ് സാമ്പത്തിക പ്രതിസന്ധിയ്ക്ക് കാരണമെന്ന് മന്ത്രി പരോക്ഷമായി സൂചിപ്പിച്ചിരുന്നു. മൂന്ന് വര്‍ഷമായി രാജ്യത്ത് തുടരുന്ന സാമ്പത്തിക മാന്ദ്യം കഴിഞ്ഞ വര്‍ഷം മുതല്‍ ജി.എസ്.ടി വരുമാനത്തിലും പ്രതികൂലമായി ബാധിച്ചിരുന്നു.

ജിഡിപി വളര്‍ച്ചാ നിരക്ക് 2019 ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ 5.2 ശതമാനത്തില്‍ നിന്ന് ജൂലൈ-സെപ്റ്റംബറില്‍ 4.4 ശതമാനമായും ഒക്ടോബര്‍-ഡിസംബര്‍ മാസങ്ങളില്‍ 4.1 ശതമാനമായും ജനുവരി-മാര്‍ച്ച് മാസങ്ങളില്‍ 3.1 ശതമാനമായും കുറഞ്ഞു. ഇത് ജി.എസ്.ടിയിലും നേരത്തെതന്നെ പ്രതിഫലിച്ചിരുന്നു. മൊത്തം ജിഎസ്ടി വരുമാനം ഓഗസ്റ്റില്‍ 98,203 കോടിയായി കുറഞ്ഞു.