ന്യൂഡല്‍ഹി: യുദ്ധവും സംഘര്‍ഷവും ജീവനെടുക്കുന്നതിനേക്കാള്‍ കൂടുതല്‍ പേരെ അന്തരീക്ഷ മലിനീകരണം ഇല്ലാതാക്കുന്നതായി പഠനം. പുകവലി, പട്ടിണി, പ്രകൃതി ദുരന്തം, മലേറിയ, ടി.ബി തുടങ്ങിയ അസുഖങ്ങളേക്കാളേറെ മരണത്തിന് കാരണമാകുന്നത് അന്തരീക്ഷ മലിനീകരണമാണെന്ന് ആഗോള മെഡിക്കല്‍ ദ്വൈവാര ജേര്‍ണലായ ദ ലാന്‍സ്‌ലറ്റ് പറയുന്നു. 2015ല്‍ ലോകത്തുണ്ടായ ആറ് അകാല മരണങ്ങളില്‍ ഒന്ന് അന്തരീക്ഷ മലിനീകരണം മൂലമാണ് എന്നാണ്- 90 ദശലക്ഷം- പഠനം പറയുന്നത്. വന്‍കരകളില്‍ ഏഷ്യയും ആഫ്രിക്കയും രാജ്യങ്ങളില്‍ ഇന്ത്യയുമാണ് ഇതിന്റ കെടുതികള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത്. മലിനീകരണം മൂലമുണ്ടാകുന്ന വാര്‍ഷിക സാമ്പത്തിക ബാധ്യത 4.6 ലക്ഷം കോടി യു.എസ് ഡോളര്‍ വരുമൈന്നും ഇത് ആഗോള സാമ്പത്തിക വ്യവസ്ഥയുടെ 6.2 ശതമാനമാണെന്നും പഠനം പറയുന്നു.

റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തലുകള്‍

  •  2015ല്‍ ഇന്ത്യയിലുണ്ടായ അകാലമരണങ്ങളില്‍ നാലിലൊന്നും അന്തരീക്ഷ മലിനീകരണം (ഇതുണ്ടാക്കുന്ന അസുഖങ്ങളള്‍) മൂലം.
  •  25 ലക്ഷം പേര്‍ മലിനീകരണം മൂലം ജീവന്‍ നഷ്ടപ്പെട്ടു.
  •  ചൈനയിലെ അകാല മരണങ്ങളില്‍ അഞ്ചിലൊന്ന് ഇതുമൂലം.
  •  ബംഗ്ലാദേശ്, പാകിസ്താന്‍, ഉത്തരകൊറിയ, ദക്ഷിണ സുഡാന്‍, ഹെയ്തി എന്നിവയിലെ സ്ഥിതിയും ചൈനയിലേതിന് സമാനം
  • സബ് സഹാറന്‍ ആഫ്രിക്കന്‍ പ്രദേശങ്ങളില്‍ അന്തരീക്ഷ മലിനീകരണ നിയന്ത്രണ സംവിധാനങ്ങള്‍ പോലുമില്ല.
  • മരണങ്ങളില്‍ 92 ശതമാനവും സംഭവിക്കുന്നത് വികസ്വര-അവികസിത രാഷ്ട്രങ്ങളിലാണ്.

അതിനിടെ, രാജ്യത്ത് ദീപാവലി ആഘോഷങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടും വര്‍ധിച്ച വായുമലീനീകരണം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്. ഡല്‍ഹിയില്‍ ജീവഹാനി വരെ വരുത്താവുന്ന നിലയില്‍ അപകടകരമായാണ് മലിനീകരണതോത് വര്‍ധിച്ചത്. ചെന്നൈയില്‍ ബുധനാഴ്ച നടന്ന ദീപാവലി ആഘോഷത്തെ തുടര്‍ന്ന് അന്തരീക്ഷം ഡല്‍ഹിക്കു സമാനമായതായും റിപ്പോര്‍ട്ട്. എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ്(എക്യൂഐ) പ്രകാരം ചെന്നൈയില്‍ ശുദ്ധവായുവിന്റെ അളവ് ഗുരുതരമായി താഴ്ന്നതായാണ് രേഖപ്പെടുത്തിയത്. ദീപാവലി ആഘോഷങ്ങള്‍ക്ക് ശേഷം എക്യൂഐ ചെന്നൈയില്‍ 302ഉം ഡല്‍ഹിയില്‍ 319 ഉം ആണ് രേഖപ്പെടുത്തിയത്. ബംഗളൂരു, ഹൈദരബാദ് തുടങ്ങിയ തെക്കന്‍ നഗരങ്ങളിലും വായുമലിനീകരണം രൂക്ഷമാണ്.

ശ്വാസകോശ രോഗങ്ങള്‍ക്ക് കാരണമാകുന്ന പി.എം 2.5ന്റെ അളവും ഇരു നഗരങ്ങളിലും വര്‍ധിച്ചു. ദീപാവലിയോടെ തമിഴ്‌നാട്ടില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം മലിനീകരണം വര്‍ധിച്ചതായും റിപ്പോര്‍ട്ട്.