മുംബൈ: മുപ്പതുകളില്‍ ഒരു ശരാശരി ഇന്ത്യന്‍ യുവതിയുടെ ആസ്തി എത്രയായിരിക്കും. ലക്ഷങ്ങള്‍ എന്നതൊക്കെ മിക്ക പെണ്‍കുട്ടികളെ സംബന്ധിച്ചും എത്തിപ്പിടിക്കാന്‍ കഴിയാത്തത്ര ഉയരത്തിലാണ്. എന്നാല്‍ ഇതാ, 39-ാം വയസ്സില്‍ 1200 കോടി ആസ്തിയുള്ള ഒരു യുവതിയുടെ കഥ. പേര് ദേവിത സറഫ്. ജോലി ലക്ഷ്വറി ടെലവിഷന്‍ വില്‍പ്പന.

വു ടെക്‌നോളജീസ് സ്ഥാപകയും സിഇഒയുമാണ് മുംബൈക്കാരിയായ ദേവിത സറഫ്. 24-ാം വയസ്സിലാണ് ദേവിത ഹൈ എന്‍ഡ് എല്‍ഇഡി ടിവി വില്‍ക്കുന്ന സ്ഥാപനം ആരംഭിച്ചത്. ഏറ്റനും നൂതനമായ ലക്ഷ്വറി ഉത്പന്നങ്ങളാണ് വു വില്‍ക്കുന്നത്.

ഹുരുണ്‍ പുറത്തുവിട്ട അതിസമ്പന്ന വനതികളുടെ ആഗോള പട്ടികയില്‍ 16-ാമതാണ് സറഫിന്റെ സ്ഥാനം. 2019ല്‍ ഇവര്‍ ഫോര്‍ച്യൂണ്‍ മാഗസിന്റെ അതിശക്തരായ അമ്പത് വനിതകളുടെ പട്ടികയിലും ഇടംപിടിച്ചിരുന്നു.

ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ ആണ് പഠനം. സെനിത്ത് കമ്പ്യൂട്ടേഴ്‌സ് ഉടമ പ്രിന്‍സ് സറഫ് ആണ് അച്ഛന്‍. വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയാണ് 4ജി ടെക്‌നോളജി ഉപയോഗിക്കുന്ന ടിവി നിര്‍മാണത്തില്‍ അവരെ കൊണ്ടെത്തിച്ചത്.

യൂട്യൂബ്, ഹോട്‌സ്റ്റാര്‍ തുടങ്ങിയ ആപ്പുകള്‍ ഇവരുടെ ടിവിയില്‍ വേഗത്തില്‍ പ്രവര്‍ത്തിപ്പിക്കാം. ഒരു കമ്പ്യൂട്ടറോളം തന്നെ ശേഷിയുള്ള ടിവിയാണ് ഇതെന്ന് ചുരുക്കം. ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമിലും ഹൈ ഡഫനിഷന്‍ ടിവികള്‍ വു പുറത്തിറക്കുന്നുണ്ട്.

24-ാം വയസ്സില്‍ തുടങ്ങിയ കമ്പനി ആറു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ലാഭത്തിലായത്. 2017ല്‍ കമ്പനിയുടെ വരുമാനം 570 കോടിയായി. ഇന്ത്യയില്‍ ഉടനീളം ഇപ്പോള്‍ ദേവിതയ്ക്ക് പത്തു ലക്ഷം ഉപഭോക്താക്കള്‍ ഉണ്ട്. 60 ലോക രാഷ്ട്രങ്ങളിലേക്ക് കമ്പനിയുടെ സെറ്റുകള്‍ കയറ്റുമതി ചെയ്യപ്പെടുന്നു.

ഒരു പെണ്‍കുട്ടിയെന്ന നിലയില്‍ ബിസിനസിന്റെ ആദ്യസമയത്ത് വലിയ വെല്ലുവിളി നേരിട്ടിരുന്നതായി അവര്‍ പറയുന്നു. ബിസിനസ് മീറ്റിങ്ങുകളില്‍ തന്റെ വാക്കുകള്‍ക്ക് ഡീലര്‍മാര്‍ വേണ്ടത്ര പരിഗണന കൊടുത്തില്ല. ഇത്തരത്തിലുള്ള വലിയൊരു ബിസിനസ് എങ്ങനെ ഇവര്‍ കൈകാര്യം ചെയ്യും എന്ന് സംശയത്തോടെ വീക്ഷിച്ചവര്‍ ഉണ്ടായിരുന്നു. എന്നാല്‍ അതെല്ലാം അവര്‍ അവഗണിച്ചു.

2017ല്‍ ദേവിത പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചു ചേര്‍ത്ത യുവ സിഇഒമാരുടെ യോഗത്തില്‍ പങ്കെടുത്തു. പുതിയ ഇന്ത്യയെ കുറിച്ചുള്ള തന്റെ ആശയം അവതരിപ്പിച്ചു. മോദിയുടെ പ്രസംഗത്തില്‍ ഇവര്‍ പരാമര്‍ശ വിധേയമായിട്ടുണ്ട്.