മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ(ഐ.എസ്.എല്‍) സ്റ്റാര്‍ പ്ലയര്‍ ഡീഗോ ഫോര്‍ലാന്‍ അടുത്ത സീസണില്‍ കേരളത്തിന് വേണ്ടി പന്ത് തട്ടുമോ? ചോദ്യത്തിന് ഫോര്‍ലാന്‍ തന്ന മറുപടി: വിളിക്കൂ ഞാന്‍ റെഡി എന്നാണ്. ഇന്നലെ മുംബൈയില്‍ നടന്ന മത്സരത്തിന് ശേഷം മനോരമ ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് ഫോര്‍ലാന്‍ ഇക്കാര്യം പറഞ്ഞത്. ഇന്ത്യന്‍ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ സമയമെടുത്തത് തുടക്കത്തില്‍ തന്റെ പ്രകടനത്തെ ബാധിച്ചുവെന്നും ബ്ലാസ്റ്റേഴ്‌സിലെ മലയാളി താരം സികെ വിനീത് മികച്ച സ്‌ട്രൈക്കറാണെന്നും അദ്ദേഹം പറഞ്ഞു.

സുനില്‍ ഛേത്രി, ജെജെ ലാല്‍പഖുല, സന്ദേശ് ജിങ്കാന്‍ തുടങ്ങിയവരും മികച്ച താരങ്ങളാണെന്ന് പറയുന്ന ഫോര്‍ലാന്‍ ഐഎസ്എല്ലാണ് ഇവരുടെ മിടുക്ക് പുറത്തറിയിച്ചതെന്നും കൂട്ടിച്ചേര്‍ക്കുന്നു. അടുത്ത വര്‍ഷവും ഐ.എസ്.എല്ലില്‍ ഉണ്ടാകും ശേഷം പരിശീലനമാണ് ഉദ്ദേശിക്കുന്നതെന്നും 37കാരനായ ഫോര്‍ലാന്‍ പറഞ്ഞു.

ഇന്നലെ നടന്ന മത്സരത്തില്‍ ഫോര്‍ലാന്റെ മൂന്ന് ഗോളിന്റെ മികവിലാണ് ബ്ലാസ്റ്റേഴ്‌സ് മുംബൈ എഫ്.സിയോട് തോറ്റമ്പിയത്. ഫോര്‍ലാന് പുറമെ കഫു, ലൂസിയന്‍ ഗോയല്‍ എന്നിവരും ഗോളുകള്‍ നേടിയിരുന്നു.


also read: സച്ചിന്റെ നാട്ടുകാര്‍ ബ്ലാസ്റ്റേഴ്സിനെ നാണംകെടുത്തി; തോല്‍വി അഞ്ചു ഗോളിന്