ആലുവ: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വിധി നാളെയറിയാം. ഇരുഭാഗങ്ങളുടേയും വാദം കേട്ട കോടതി വിധി പറയുന്നത് വെള്ളിയാഴ്ച്ചത്തേക്ക് മാറ്റുകയായിരുന്നു. ജാമ്യം ലഭിക്കാന്‍ അഭിഭാഷകന്‍ ബി.രാമന്‍പിള്ളയുടെ നേതൃത്വത്തില്‍ ശക്തമായി വാദിച്ചപ്പോള്‍ ദിലീപിനെതിരെ പ്രോസിക്യൂഷന്‍ രംഗത്തെത്തി.

ദിലീപിനെതിരെ 223 തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്ന് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ മഞ്ചേരി ശ്രീധരന്‍ നായര്‍ കോടതിയെ അറിയിച്ചു. കൂടാതെ ദിലീപ് കുറ്റക്കാരനാണെന്നു തെളിയിക്കുന്ന 169 രേഖകളും 15 രഹസ്യമൊഴികളും തങ്ങളുടെ പക്കലുണ്ടെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ദിലീപിനെതിരെ സിനിമാമേഖലയില്‍ നിന്ന് തന്നെ ഗൂഢാലോചന ഉണ്ടായെന്നും പള്‍സര്‍ സുനിയാണ് ആസൂത്രകന്‍ എന്നും പ്രതിഭാഗം വാദിച്ചു. ഇതിനായി ഗൂഢാലോചനക്കാര്‍ രാഷ്ട്രീയക്കാരേയും പോലീസ് ഉദ്യോഗസ്ഥരേയും സ്വാധീനിച്ചു. സുനിയെപ്പോലുള്ള കള്ളന്‍മാര്‍ പറയുന്ന നുണകള്‍ വിശ്വസിക്കരുത്. സിനിമയെപ്പോലും വെല്ലുന്ന തിരക്കഥയാണ് പോലീസ് തയ്യാറാക്കിയത്. സുനി ജയിലില്‍ നിന്നയച്ച കത്തും ഗൂഢാലോചനയുടെ ഭാഗമാണ്. ജയിലിനു പുറത്ത് കുശാഗ്രബുദ്ധിക്കാരാണ് കത്തിന്റെ കരട് രൂപം തയ്യാറാക്കിയതെന്നും പ്രതിഭാഗം വാദിച്ചു.

ഇരുഭാഗങ്ങളേയും വാദം കഴിഞ്ഞ രണ്ടു ദിവസങ്ങളിലാണ് കോടതി കേട്ടത്. മണിക്കൂറുകള്‍ നീണ്ട വാദങ്ങള്‍ക്കുശേഷമാണ് ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് കോടതി നാളത്തേക്ക് മാറ്റുന്നത്. ഏറെ നിര്‍ണ്ണായക ദിവസമായ നാളെ ദിലീപിന് ജാമ്യം ലഭിച്ചില്ലെങ്കില്‍ ഇത്തവണ താരത്തിന്റെ ഓണം ജയിലിനുള്ളിലായിരിക്കും. അടുത്തമാസം രണ്ടാം തിയ്യതിവരെ ദിലീപ് റിമാന്‍ഡിലാണ്.