കൊച്ചി: ദിലീപിനെ വീണ്ടും തീയ്യേറ്റര്‍ ഉടമകളുടെ സംഘടനാപ്രസിഡന്റായി തിരഞ്ഞെടുത്തു. കൊച്ചിയില്‍ നടന്ന ഫിയോക് യോഗത്തിലാണ് തീരുമാനം. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതോടെ സീനിയര്‍ വൈസ് പ്രസിഡന്റ് ആയിരുന്ന ആന്റണി പെരുമ്പാവൂര്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുകയായിരുന്നു. ദിലീപിനെ സംഘടനയില്‍ നിന്ന് പുറത്താക്കിയിരുന്നില്ല. പ്രവര്‍ത്തിക്കാന്‍ കഴിയാത്തതുകൊണ്ട് മാറ്റി നിര്‍ത്തുകയായിരുന്നു. എല്ലാ അംഗങ്ങളും ഒറ്റക്കെട്ടായാണ് ദിലീപിനെ വീണ്ടും തെരഞ്ഞെടുത്തതെന്നും തീരുമാനം ദിലീപിനെ അറിയിക്കുമെന്നും ആന്റണി പെരുമ്പാവൂര്‍ അറിയിച്ചു. താരസംഘടനയായ അമ്മയില്‍ നിന്നും ദിലീപിനെ പുറത്താക്കിയിരുന്നു. അമ്മയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത് മമ്മുട്ടിയാണെന്നും പൃഥ്വിരാജാണ് ഇതിന് പിറകില്‍ പ്രവര്‍ത്തിച്ചതെന്നും ഗണേശ്കുമാര്‍ ആരോപിച്ചിരുന്നു. ഇന്നലെയാണ് കര്‍ശന ഉപാധികളോടെ ദിലീപിന് ജാമ്യം അനുവദിക്കുന്നത്. ഒരു ലക്ഷം രൂപ കെട്ടിവെച്ചതിന് ശേഷമായിരുന്നു ദിലീപ് പുറത്തിറങ്ങിയത്.