കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ആലുവയിലെത്തി യുവനടനെ ചോദ്യം ചെയ്‌തെന്ന് മാധ്യമങ്ങളില്‍ വാര്‍ത്തവന്നിരുന്നു. അതിനുശേഷം നടന്‍ ദിലീപാണെന്നും ഊഹാപോഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ ഇതിനെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ദിലീപ്.

ആലുവയിലെത്തി ചോദ്യം ചെയ്‌തെന്ന് പറയുന്ന നടന്‍ താനല്ല. മാധ്യമങ്ങള്‍ക്ക് എവിടെ നിന്നാണ് ഇത്തരം വാര്‍ത്തകള്‍ ലഭിക്കുന്നത്. യുവനടനെന്ന് പറയുമ്പോള്‍ ആരാണെന്ന് പറയാനും മാധ്യമങ്ങള്‍ക്ക് ബാധ്യതയുണ്ട്. ഇത് താനാണെന്ന പേരില്‍ പ്രചരിപ്പിക്കുന്നത് തന്നെ തേജ്വോവധം ചെയ്യുന്നതിന്റെ ഭാഗമാണെന്നും ദിലീപ് പറഞ്ഞു. അല്ലെങ്കില്‍ ചോദ്യം ചെയ്ത നടന്‍ ആരാണെന്ന് പോലീസ് സ്ഥിരീകരിക്കട്ടെ. മനസാ വാചാ അറിയാത്ത കാര്യമാണ് ഇതെന്നും ദിലീപ് പറഞ്ഞു.

ആലുവയില്‍ ദിലീപിന് വീടുണ്ട്. എന്നാല്‍ കലൂരിലുള്ള വീട്ടിലാണ് ദിലീപ് ഇപ്പോള്‍ താമസിക്കുന്നത്. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ദിലീപിന് നേരെ വ്യാപകമായി ആരോപണങ്ങള്‍ ഉയരുന്നതിനിടെയാണ് യുവനടനെ പോലീസ് ചോദ്യം ചെയ്തുവെന്ന രീതിയില്‍ വാര്‍ത്ത പുറത്തുവരുന്നത്.