നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന് ജാമ്യം ലഭിക്കാത്തതിനാല്‍ ഇത് ഗുണം ചെയ്യുന്നത് മറ്റു നടന്‍മാര്‍ക്ക്. ദിലീപ് ചെയ്തു തീര്‍ക്കാത്തതും തീര്‍ന്നതുമായ ചിത്രങ്ങള്‍ ഇപ്പോഴും അണിയറയിലിരിക്കുന്നതുകൊണ്ടാണ് താരത്തിന്റെ അവസരങ്ങള്‍ പുതിയ നടന്‍മാരെ തേടിപ്പോകുന്നത്.

jayasurya

രാമലീലയാണ് ദിലീപിന്റെ റിലീസാവാനുള്ള ചിത്രം. എന്നാല്‍ ഇത് എന്ന് റിലീസാവുമെന്ന് ആര്‍ക്കും അറിയില്ല. കമ്മാരസംഭവവും പ്രൊഫസര്‍ ഡിങ്കനും പകുതിയില്‍ എത്തി നില്‍ക്കുകയാണ്. ദിലീപിന് ജാമ്യം നിഷേധിച്ചതോടെ ഈ സിനിമകളുടെ അവസ്ഥ എന്താവുമെന്ന ചിന്തയിലാണ് സിനിമാപ്രവര്‍ത്തകര്‍. അതേസമയം, താരത്തെവെച്ച് സിനിമയെടുക്കാന്‍ കാത്തിരുന്നവര്‍ ജാമ്യം ലഭിക്കാതായതോടെ മറ്റു താരങ്ങളെ തേടിപ്പോകുന്നുവെന്നാണ് റിപ്പോര്‍ട്ട്. ജയറാമിനും ജയസൂര്യക്കുമാണ് പുതിയ അവസരങ്ങള്‍ എത്തുന്നത്.

ന്യൂസിലാന്റിലുള്ള ജയറാമിനെത്തേടി ഫോണ്‍വിളികള്‍ എത്തിയെന്നാണ് റിപ്പോര്‍ട്ട്. കോമഡി, സെന്റിമെന്റല്‍-കുടുംബപശ്ചാത്തലമുള്ള റോളുകളിലാണ് ജയറാം അഭിനയിച്ചിരുന്നത്. എന്നാല്‍ ദിലീപിന്റെ വളര്‍ച്ചയോടെ ഇതില്‍ കുറേയൊക്കെ ജയറാം തഴയപ്പെട്ടിരുന്നു. ദിലീപ് അഴിക്കുള്ളിലായതോടെ ഈ റോളുകള്‍ ജയറാം ചെയ്ത് രക്ഷപ്പെടുമെന്നാണ് പ്രതീക്ഷ. സമീപകാലത്ത് വലിയ ഹിറ്റുകളൊന്നും ജയറാമിനുണ്ടായിട്ടില്ല. പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയറാമാണ് നായകന്‍. ഒപ്പം തമിഴ് നടന്‍ ആര്യയും അഭിനയിക്കുന്നു. സമുദ്രക്കനിയുടെ ആകാശമിഠായിയിലാണ് ഇപ്പോഴഭിനയിക്കുന്നത്. അത് ഹിറ്റാകുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവര്‍ത്തകര്‍.