X

ടീച്ചറേ പോവരുതെന്ന് പിന്നാലെകൂടി കുഞ്ഞുങ്ങള്‍, കൂക്കിവിളിച്ച് ആട്ടിവിട്ട് പി.ടി.എ അംഗങ്ങള്‍, കരച്ചിലോടെ ഓടി പടിയിറങ്ങി ടീച്ചര്‍

കണ്ണില്‍ കണ്ണീരു കലര്‍ത്തി ആവും വിധം ആ കുഞ്ഞുങ്ങള്‍ പറയുന്നുണ്ടായിരുന്നു, ‘ടീച്ചറേ ഞങ്ങളെ വിട്ടുപോവരുത്…’. അകത്തു തിങ്ങിയ വിങ്ങല്‍ അടക്കാനാവാതെ അണപൊട്ടി ഒഴുകി ടീച്ചര്‍ക്ക്. അങ്ങേയറ്റത്തെ വേര്‍പ്പാടിന്റെ വേദനയോടെ, വേദനാനിര്‍ഭരമായ ഒരു കരച്ചിലോടെ സ്‌കൂളിന്റെ പടിയിറങ്ങുകയല്ലാതെ വേറെ നിവൃത്തിയില്ലായിരുന്നു അവര്‍ക്ക്. സ്‌കൂള്‍ വിട്ടു പോവുന്ന ടീച്ചറെ പിന്നാലെ കൂടി, ടീച്ചറേ പോവല്ലേ, എന്നു കരഞ്ഞുപറഞ്ഞ് പ്രധാന ഗേറ്റുവരെ എത്തി ആ കുഞ്ഞുമക്കള്‍.

പി.ടി.എ അംഗങ്ങളുടെ അധിക്ഷേപവര്‍ഷത്തില്‍ മനംനൊന്ത ടീച്ചര്‍ അപമാനഭാരത്തോടെ ഓടിയാണ് പടിയിറങ്ങിയത്. ആട്ടിപ്പായിക്കപ്പെട്ടു എന്നു അക്ഷരം തെറ്റാതെ പ്രയോഗിക്കാനാവുന്ന ദുരനുഭവം. പോവരുതെന്ന് പറഞ്ഞ് കുട്ടികള്‍ വിടാതെ പിന്തുടരുന്ന നേരത്ത് അപ്പുറത്ത് നിന്ന് കൂക്കിവിളിച്ച് ആക്ഷേപിക്കുകയായിരുന്നു പി.ടി.എ കമ്മിറ്റിക്കാര്‍. ആ കൊച്ചുകുട്ടികളുടെ വിവേകം പോലുമുണ്ടായില്ല പി.ടി.എ അംഗങ്ങള്‍ക്ക്. ഏറെ നാള്‍ കുഞ്ഞുങ്ങളെ പഠിപ്പിച്ച ഒരു ടീച്ചറെയാണല്ലോ പിരിഞ്ഞു പോവുമ്പോള്‍ ഇവരീ കൂക്കിവിളിക്കുന്നത്!..

തൊടുപുഴ ഗവ. എല്‍.പി താല്‍ക്കാലിക അധ്യാപിക തൊടുപുഴ ആനക്കൂട് സ്വദേശി കെ.ആര്‍ അമൃതയെ തൊടുപുഴ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എ. അപ്പുണ്ണി ഉത്തരവിലൂടെ പുറത്താക്കുകയായിരുന്നു.

കുട്ടികളെ അമൃത മാനസികമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ച് ചില കുട്ടികളുടെ രക്ഷിതാക്കള്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്കു വ്യാഴാഴ്ച പരാതി നല്‍കിയിരുന്നു. അമൃതയെ കൂടാതെ സ്‌കൂളിലെ പ്രധാനാധ്യാപിക പി.എസ്. ഗീതയും താല്‍ക്കാലിക അധ്യാപിക ജിനില കുമാറും കുട്ടികളെ മാനസികമായി പീഡിപ്പിക്കുന്നുവെന്നും പരാതിയില്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് പ്രധാനാധ്യാപിക ഗീതയെ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ ഇന്നലെ സസ്‌പെന്‍ഡ് ചെയ്യുകയും അമൃതയെയും ജിനില കുമാറിനെയും പുറത്താക്കുകയും ചെയ്തു. ഇന്നലെ ഉച്ചയോടെയാണ് പുറത്താക്കിയെന്നും ഇനി മുതല്‍ ജോലിക്കു വരേണ്ടെന്നും സ്‌കൂള്‍ അധികൃതര്‍ അമൃതയെ അറിയിച്ചത്.

എന്നാല്‍ ഇടത് അധ്യാപക സംഘടനയിലെ അധ്യാപകര്‍ മാനസികമായി പീഡിപ്പിക്കുകയും മനഃപൂര്‍വം പരാതികള്‍ കെട്ടിച്ചമക്കുകയും ചെയ്താണെന്ന് അമൃത പറയുന്നു. സീനിയര്‍ അധ്യാപകര്‍ മാനസികമായി പീഡിപ്പിക്കുന്നു എന്നാരോപിച്ച് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് പരാതി നല്‍കിയതിന്റെ പ്രതികാരം തീര്‍ക്കാനാണ് സംഘടനയിലെ അധ്യാപകര്‍ കള്ളപ്പരാതി ഉണ്ടാക്കിയതെന്നും അമൃത അറിയിച്ചു.

ഉത്തരവ് വാങ്ങിയ ശേഷം ക്ലാസിലെത്തിയ അമൃത പൊട്ടിക്കരഞ്ഞു. ടീച്ചര്‍ പോകരുതെന്നു പറഞ്ഞ് കുട്ടികള്‍ വളഞ്ഞതോടെ അമൃത ക്ലാസില്‍ നിന്നു പുറത്തിറങ്ങി. ഇതിനിടെ സ്‌കൂളിലെ ചില അധ്യാപികമാര്‍ അമൃതയുടെ അടുത്തെത്തി പരുഷമായി സംസാരിച്ചു. ഈ സമയം ചില പിടിഎ അംഗങ്ങള്‍ സ്‌കൂളിലെത്തി അമൃതയെ കൂവി വിളിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. പിടിഎ അംഗങ്ങളുടെ അധിക്ഷേപത്തില്‍ മനം നൊന്ത് അമൃത സ്‌കൂളിനു പുറത്തേക്ക് ഓടിയപ്പോള്‍ കുട്ടികളും പ്രധാന ഗേറ്റ് വരെ എത്തി.

ഒരിക്കല്‍ പോലും ടീച്ചര്‍ തല്ലിയിട്ടില്ലെന്നു കുട്ടികള്‍ മാധ്യമപ്രവര്‍ത്തകരോടും നാട്ടുകാരോടും പറഞ്ഞു. മാധ്യമപ്രവര്‍ത്തകരെ കണ്ടതോടെ ചില പിടിഎ അംഗങ്ങള്‍ ഇവരെ ആക്രമിക്കാനും ക്യാമറ പിടിച്ചു വാങ്ങാനും ശ്രമിച്ചത് നേരിയ സംഘര്‍ഷത്തിനിടയാക്കിഎന്നാല്‍, നടപടി എടുത്ത അധ്യാപികമാര്‍ ഉള്‍പ്പെടെയുള്ളവരുടെ പേരില്‍ പതിനേഴോളം കുറ്റങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും വിദ്യാഭ്യാസ ഉപഡയറക്ടര്‍ നേരിട്ട് സ്‌കൂളിലെത്തി അന്വേഷണം നടത്തിയതിന്റെ ബാക്കിയാണ് അച്ചടക്ക നടപടിയെന്നും എഇഒ എ. അപ്പുണ്ണി പറഞ്ഞു. പിടിഎ അംഗങ്ങള്‍ ആരെയും ആക്രമിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും അധ്യാപികയോടൊപ്പം വന്നവരാണു പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതെന്നും പിടിഎ വൈസ് പ്രസിഡന്റ് കെ. ഷാജി പറഞ്ഞു.

web desk 1: