ട്വിറ്ററില്‍ നരേന്ദ്ര മോദിയെ കടത്തിവെട്ടിയുള്ള രാഹുല്‍ഗാന്ധിയുടെ മുന്നേറ്റത്തിനു പിന്നില്‍ ദിവ്യ സ്പന്ദന എന്ന തമിഴ് നടിയുടെ ബുദ്ധി. സാധാരണക്കാര്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് ട്വിറ്ററില്‍ സന്ദേശങ്ങള്‍ ചമക്കാന്‍ രാഹുല്‍ഗാന്ധിക്ക് പരിശീലനം നല്‍കുന്നത് ദിവ്യസ്പന്ദനയാണ്. അടുത്തിടെ നടത്തിയ ട്വീറ്റുകള്‍ വൈറലായതോടെ ട്വിറ്ററില്‍ രാഹുല്‍ തരംഗമാവുകയായിരുന്നു.

അഞ്ചുമാസം മുമ്പാണ് ദിവ്യ കോണ്‍ഗ്രസ്സിന്റെ സാമൂഹ്യമാധ്യമങ്ങളുടെ ചുമതലയേല്‍ക്കുന്നത്. അന്നേവരെ വളരെ സാവകാശമായിരുന്നു കോണ്‍ഗ്രസ്സിന്റെ സാമൂഹ്യമാധ്യമങ്ങളിലെ അവസ്ഥ. എന്നാല്‍ കുറിക്കുകൊള്ളുന്ന പരാമര്‍ശങ്ങളും, പാര്‍ട്ടിയിലെ സാധാരണ ജനങ്ങളിലേക്ക് എത്തിക്കുന്നതുമായ സന്ദേശങ്ങള്‍ രാഹുലിനെ ട്വിറ്ററില്‍ തരംഗമാക്കി.

ഗുജറാത്ത് പര്യടനത്തിനൊപ്പവും അതിനുശേഷവും രാഹുല്‍ നടത്തിയ ട്വീറ്റുകള്‍ ആളുകള്‍ ഏറ്റെടുക്കുകയായിരുന്നു. ട്വീറ്റിന് റിട്വീറ്റുകളായി രാഹുല്‍ഗാന്ധി ട്വിറ്ററില്‍ നിറഞ്ഞുനിന്നു. കഴിഞ്ഞ രണ്ടുമാസത്തിനിടെ രാഹുല്‍ഗാന്ധിയുടെ ട്വിറ്റര്‍ ഫോളേവേഴ്‌സ് പത്തുലക്ഷം കടന്നതായാണ് റിപ്പോര്‍ട്ട്. ‘മോദിജീ, താങ്കള്‍ ഒരിക്കല്‍കൂടി ട്രംപിനെ ആലിംഗനം ചെയ്യൂ’ എന്ന ട്വീറ്റിന് ഇരുപതിനായിരത്തോളം റിട്വീറ്റുകളാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

2015ല്‍ ഡല്‍ഹി തെരഞ്ഞെടുപ്പിലെ ആംആദ്മി പാര്‍ട്ടിയുടെ വിജയത്തിനുശേഷമാണ് ട്വിറ്ററില്‍ കെജ്‌രിവാള്‍ തരംഗമുണ്ടാവുന്നത്. കെജ്‌രിവാളിന്റെ ഓരോ ട്വീറ്റിനും 1,665 റിട്വീറ്റുകള്‍ വീതം ലഭിച്ചിരുന്നു. അതേസമയം, മോദിക്ക് ലഭിച്ചിരുന്നതാകട്ടെ 1,342 റിട്വീറ്റുകളുമായിരുന്നു.