എറണാകുളം പറവൂരില്‍ നായയെ ഓടുന്ന കാറില്‍കെട്ടിവലിച്ച ഡ്രൈവര്‍ യൂസഫ് അറസ്റ്റില്‍. വീട്ടില്‍ വളര്‍ത്തിയിരുന്ന നായയെ ഉപേക്ഷിക്കാന്‍ ശ്രമിച്ചതാണെന്ന് യൂസഫ് പൊലീസില്‍ മൊഴി നല്‍കി. കാറിനുള്ളില്‍ കയറാതെ വന്നപ്പോള്‍ കെട്ടിയിട്ടു എന്ന് ചോദ്യം ചെയ്യലില്‍ മറുപടി നല്‍കി. യൂസഫിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കും.

നേരത്തെ യൂസഫിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ ഗതാഗത മന്ത്രി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് യൂസഫിനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുന്നത്. യൂസഫ് ഓടിച്ചിരുന്ന വാഹനം മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്ത് പൊലീസിന് കൈമാറിയെന്ന് ഗതാഗത മന്ത്രിയുടെ ഓഫിസ് അറിയിച്ചു. നിയമപരമായ നടപടികള്‍ വകുപ്പ് സ്വീകരിക്കുമെന്നും ഓഫിസ് അറിയിച്ചു.

ഇന്ന് വൈകീട്ടോടെയാണ് എറണാകുളത്ത് നെടുമ്പാശേരി പറവൂര്‍ റോഡില്‍ ചാലാക്കയില്‍ അതിക്രൂരമായ സംഭവം അരങ്ങേറിയത്.
നെടുമ്പാശേരി അത്താണിക്കുസമീപം ചാലാക്കയിലാണ് സംഭവം. ബൈക്ക് യാത്രക്കാരനായ യുവാവ് മൊബൈല്‍ ഫോണില്‍ ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതോടെയാണ് ക്രൂരത പുറം ലോകമറിഞ്ഞത്.