ന്യൂയോര്‍ക്ക്: തീ പടര്‍ന്ന കാറിനുള്ളില്‍ യാത്രക്കാരിയെ ഉപേക്ഷിച്ച് ഡ്രൈവര്‍ രക്ഷപെട്ടു. പൂര്‍ണമായും കത്തിക്കരിഞ്ഞ കാറിനുള്ളില്‍ ഇന്ത്യന്‍ വംശജയായ യുവതി വെന്തുമരിച്ചു. ഹര്‍ലീന്‍ ഗ്രേവാള്‍ (23) ആണ് കൊല്ലപ്പെട്ടത്.

പൊള്ളലേറ്റ ഡ്രൈവര്‍ അഹമ്മദ് മെയ്‌മോണ്ടൈസ് മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലാണ്. അഹമ്മദിനെതിരെ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്കും അപകടം കണ്ടു നിന്നിട്ടും രക്ഷിക്കാന്‍ ശ്രമിക്കാതിരുന്നതിനും വാഹനം അശ്രദ്ധമായി ഓടിച്ചതിനും കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കാറില്‍ തീ പടര്‍ന്നിട്ടും അഹമ്മദ് വാഹനം ഓടിച്ചു കൊണ്ടു പോയി. ഹൈവെയില്‍ നിന്നു വാഹനം സമീപത്തെ ക്രാഷ് ബാരിയറില്‍ ഇടിപ്പിച്ച് നിര്‍ത്തി. ശേഷം യുവതിയെ രക്ഷിക്കാന്‍ ശ്രമിക്കാതെ കാറില്‍ നിന്നും ഇറങ്ങി ഓടുകയായിരുന്നു. പുറത്തിറങ്ങാന്‍ കഴിയാതിരുന്ന യുവതി വെന്തുമരിക്കുകയായിരുന്നു. യാത്രക്കാരുടെ സീറ്റിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.