കോഴിക്കോട്​: ബംഗളൂരു മയക്കുമരുന്ന്​ കേസിൽ അറസ്​റ്റിലായ അനൂപ്​ മുഹമ്മദും ബിനീഷ്​ കോടിയേരിയും കൂടുതൽ തവണ ഫോണിൽ സംസാരിച്ചതി​െൻറ വിവരങ്ങൾ പുറത്ത്​. മൂന്ന് മാസത്തിനിടെയിലെ കോള്‍ലിസ്റ്റ് വിവരമാണ് പുറത്തുവന്നത്. ഇതിനടെ അനൂപ് മുഹമ്മദും ബിനീഷ് കോടിയേരിയും തമ്മില്‍ 76 തവണയാണ് ഫോണ്‍ വിളിച്ചത്.

ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ അനൂപിന്റെ കോള്‍ വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഇതില്‍ ജൂണില്‍ മാത്രം 58 ഫോണ്‍ കോളുകളാണ് അനൂപ് മുഹമ്മദും ബിനീഷ് കോടിയേരിയും തമ്മില്‍ ചെയ്തിരിക്കുന്നത്. നാല് കോളുകള്‍ വരെ ചെയ്ത ദിവസങ്ങള്‍ ഉണ്ടായിട്ടുണ്ട്. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന ബെംഗളൂരുവിലെത്തുന്നതിന് രണ്ട് ദിവസം മുമ്പ് ഇരുവരും ഫോണില്‍ സംസാരിച്ചിരുന്നു. എട്ട് മിനിറ്റോളം അനൂപും ബിനീഷും സംസാരിച്ചു.

അതേസമയം, ജൂലൈ മാസത്തില്‍ പത്ത് കോളുകള്‍ മാത്രമാണ് ചെയ്തിരിക്കുന്നത്. ഇതിന് കാരണമായി അന്വേഷണ സംഘം പറയുന്നത് ഇരുവരും ജൂലൈയില്‍ വാട്‌സ്ആപ്പില്‍ നിരവധി തവണ വിളിച്ചിരുന്നു എന്നാണ്. ആഗസ്റ്റ് മാസം അനൂപ് അറസ്റ്റിലാകുന്നതിന് മുമ്പ് എട്ട് തവണ ഇരുവരും വിളിച്ചിരുന്നു. രഹസ്യാത്മക കോളുകള്‍ ഇവര്‍ വാട്‌സ്ആപ്പിലാണ് ചെയ്തത് എന്നാണ് അന്വേഷണ സംഘത്തിന്റെ വെളിപ്പെടുത്തല്‍.

അതിനിടെ, മകന്‍ ബിനീഷ് തെറ്റുകാരനെങ്കില്‍ തൂക്കിക്കൊല്ലട്ടെയെന്നാണ് വിഷയത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. അതേസമയം, ലഹരിക്കടത്തും സ്വര്‍ണ്ണക്കടത്തുമായി ബന്ധമുണ്ടെന്നും സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.