കൊച്ചി: ക്ലബുകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ നിന്നും മദ്യപിച്ച് ലക്കുകെട്ട് രാത്രികാലങ്ങളില്‍ കാറോടിക്കുന്നവരെ തടഞ്ഞ് മദ്യപരിശോധന നടത്താത്തത് എന്തു കൊണ്ടാണെന്ന് മനുഷ്യാവകാശകമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്. അര്‍ധരാത്രിയിലും അതിനു ശേഷവും ഓടുന്ന കാറുകളിലെ ്രൈഡവര്‍മാര്‍ക്ക് മദ്യ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട്‌സമര്‍പ്പിച്ച പരാതിയിലാണ് നടപടി. തിരുവനന്തപുരത്ത് ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ച് കാറോടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പരാതി സമര്‍പ്പിച്ചത്.

ഇരു ചക്രവാഹന യാത്രികര്‍ മദ്യപിച്ചിട്ടുണ്ടോ എന്ന് തലങ്ങും വിലങ്ങും പരിശോധിക്കുന്ന പൊലീസ് ആഡംബര കാറുകള്‍ ഓടിക്കുന്ന മദ്യപര്‍ക്ക് മുന്നില്‍ കണ്ണടയ്ക്കുകയാണെന്ന് പരാതിയില്‍ പറയുന്നു.വിഷയത്തില്‍ സംസ്ഥാന പൊലീസ് മേധാവിയും ഗതാഗത കമ്മീഷണറും നാലാഴ്ചക്കുള്ളില്‍ മറുപടി സമര്‍പ്പിക്കണണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. ക്ലബില്‍ നിന്നുംപോകുന്ന ചിലസ്ത്രീകള്‍ വരെ മദ്യപിച്ച ശേഷമാണ് വാഹനമേടിക്കുന്നതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനായ രാഗം റഹീം സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. തിരുവനന്തപുരത്തെ ട്രിവാന്‍ഡ്രം ക്ലബ്, ശ്രീ മൂലം ക്ലബ്, നാഷണല്‍ ക്ലബ്, ടെന്നിസ് ക്ലബ്, ഗോള്‍ഫ് ക്ലബ് തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ പൊലീസ് ഒരു പരിശോധനയും നടത്താറില്ലെന്നും പരാതിയില്‍ പറയുന്നു. ഇവിടങ്ങളില്‍ പൊലീസ് ശക്തമാക്കണമെന്നും പരാതിയില്‍ പറയുന്നു.