ദുബൈ: ജോലി രാജിവെച്ച് നാട്ടിലേക്ക് മടങ്ങാനിരുന്ന പ്രവാസിക്ക് ദുബൈയില്‍ അരലക്ഷം ദിര്‍ഹത്തിന്റെ സ്വര്‍ണ സമ്മാനം. 47കാരനായ നേപ്പാള്‍ സ്വദേശി പ്രദീപിനെയാണ് അപൂര്‍വ ഭാഗ്യം തേടിയെത്തിയത്. ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി ദുബൈ ഗോള്‍ഡ് ആന്റ് ജ്വല്ലറി ഗ്രൂപ്പ് നടത്തിയ നറുക്കെപ്പിലാണ് പ്രദീപ് വിജയിയായത്.

നാട്ടില്‍ കൊണ്ടുപോകാന്‍ സാധനങ്ങള്‍ വാങ്ങുന്നതിനിടയ്ക്ക് ഭാര്യയ്ക്കും മകള്‍ക്കും സമ്മാനമായി ആഭരണങ്ങള്‍ കൂടി വാങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. 500 ദിര്‍ഹത്തിന് മുകളില്‍ സ്വര്‍ണം വാങ്ങുന്നവര്‍ക്കാണ് ദുബൈ ഗോള്‍ഡ് ആന്റ് ജ്വല്ലറി ഗ്രൂപ്പിന്റെ നറുക്കെടുപ്പില്‍ പങ്കാളിയാവാന്‍ സാധിക്കുന്നത്. ഇതുവരെ ഒരു നറുക്കെടുപ്പിലും പങ്കെടുത്തിട്ടില്ലാത്ത പ്രദീപിന് ആദ്യ ശ്രമത്തില്‍ തന്നെ 250 ഗ്രാം സ്വര്‍ണമാണ് സമ്മാനം ലഭിച്ചത്.

20 വര്‍ഷമായി യുഎഇയില്‍ ജോലി ചെയ്യുന്ന താന്‍ കുറച്ച് കാലം കുടുംബത്തോടൊപ്പം താമസിക്കാമെന്ന് കരുതിയാണ് ജോലി രാജിവെച്ചതെന്നും പിന്നീട് മടങ്ങിവരാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. കുടുംബവും കോവിഡ് ഭീതിയില്‍ കഴിയുന്ന സമയം അവരോടൊപ്പം താനുമുണ്ടാവണമെന്ന് കരുതി. മടങ്ങിപ്പോകുമ്പോള്‍ ഏറ്റവും സന്തോഷം പകരുന്ന സമ്മാനമാണ് തനിക്ക് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.