മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറിയ സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകരോട് മാപ്പു പറഞ്ഞ് സംവിധായകന്‍ എബ്രിഡ് ഷൈന്‍. തന്റെ വികാരം വിവേകത്തിന് മുകളില്‍പോവുകയായിരുന്നുവെന്ന് എബ്രിഡ് പറഞ്ഞു. ഫേസ്ബുക്ക് വീഡിയോയിലാണ് മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം മാപ്പു പറഞ്ഞത്. ഒരു സംവിധായകനെന്ന നിലയിലും അല്ലാത്തപ്പോഴും ഞാന്‍ എന്റെ സഹപ്രവര്‍ത്തകരോട് എപ്പോഴും പറയാറുളളത് എല്ലാ കാര്യങ്ങളും സംയമനത്തോടെ വേണം കൈകാര്യം ചെയ്യണമെന്നാണ്. പക്ഷെ ഇന്നലെ എന്റെ വികാരം വിവേകത്തിന് വെളിയില്‍ പോയി. അതൊരു നല്ല മാതൃകയല്ല, അങ്ങനെയായിരുന്നില്ല പെരുമാറേണ്ടയിരുന്നത്. അത് എന്തെങ്കിലും തെറ്റായ സന്ദേശം നല്‍കിയിട്ടുണ്ടെങ്കില്‍ നെഞ്ചില്‍ തട്ടി മാപ്പ് പറയുകയാണെന്നും എബ്രിഡ് പറഞ്ഞു. കോയമ്പത്തൂരിലേക്ക് പോകുന്ന വഴിയാണ് ദിലീപിന്റെ പറവൂരിലുള്ള വീട്ടില്‍ എബ്രിഡ് എത്തുന്നത്. അവിടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകരോട് എബ്രിഡ് തട്ടിക്കയറുകയായിരുന്നു. ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് എന്തിനാണെന്ന് ചോദിച്ച ഷൈന്‍ ഇത് തന്റെ സ്വകാര്യതയാണെന്ന് പറഞ്ഞായിരുന്നു തട്ടിക്കയറിയത്. എന്നാല്‍ വാഹനങ്ങള്‍ ബ്ലോക്കായതു കൊണ്ടാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് മാധ്യമപ്രവര്‍ത്തകര്‍ മറുപടിയും നല്‍കിയിരുന്നു.