ന്യൂഡല്‍ഹി: അമിത് ഷാക്കെതിരായ വിവാദ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചീട്ട്. അമിത് ഷാ കൊലക്കേസ് പ്രതിയാണെന്ന രാഹുലിന്റെ പരാമര്‍ശത്തിനെതിരായ പരാതിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയത്.
മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് അമിത് ഷായ്‌ക്കെതിരെ രാഹുല്‍ കടുത്ത പരാമര്‍ശം നടത്തിയത്. തുടര്‍ന്ന് രാഹുലിന്റെ പരാമര്‍ശത്തിനെതിരെ ബിജെപി പരാതി ന്ല്‍കുകയായിരുന്നു.

തുടര്‍ന്നാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമല്ലെന്ന് വ്യക്തമാക്കി കമ്മീഷന്‍ ക്ലീന്‍ ചീട്ട് നല്‍കിയത്. അതേസമയം മധ്യപ്രദേശിലെ റാലിയിലെ വിവാദ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തില്‍ രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് നല്‍കിയുന്നു. 24 മണിക്കൂറിനകം വിശദീകരണം ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്.

അതേസമയം വിദേശ പൗരത്വ പരാതിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് അയച്ചിരുന്നു. ബ്രിട്ടണില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനിയില്‍ രാഹുലിന് ബ്രിട്ടീഷ് പൗരത്വമുണ്ടെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നാണ് പരാതി. ബിജെപി നേതാവും എംപിയുമായ സുബ്രമണ്യന്‍ സ്വാമിയാണ് പരാതിയുമായി ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചത്.

എന്നാല്‍ സുബ്രമണ്യന്‍ സ്വാമിയുടെ ആരോപണത്തിന് മറുപടിയുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി രംഗത്തെത്തി. രാഹുല്‍ ഇന്ത്യക്കാരനാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും ആരോപണം അസംബന്ധമാണെന്നും പ്രിയങ്ക മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചു.