ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയാവാന്‍ എടപ്പാടി പളനിസ്വാമിയെ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു ക്ഷണിച്ചു. 15 ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കാനാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ന് വൈകുന്നേരത്തോടെ പളനിസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ഗവര്‍ണറുടെ തീരുമാനം വന്നതിന് പിന്നാലെ എം.എല്‍.എമാരെ പാര്‍പ്പിച്ചിരിക്കുന്ന റിസോര്‍ട്ടില്‍ ആഘോഷങ്ങള്‍ അരങ്ങേറി. ഉച്ചക്ക് 11.30 ഓട് കൂടിയാണ് പളനിസ്വാമി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയത്.

ഫലത്തില്‍ ഇത് പന്നീര്‍സെല്‍വം ക്യാമ്പിന് തിരിച്ചടിയായി. ഭൂരിപക്ഷം തെളിയിക്കുക എന്നതാണ് പളനിസ്വമിക്ക് മുന്നിലുള്ള വെല്ലുവിളി. അത് എത്രകണ്ട് വിജയിക്കുമെന്നാണ് ഇനി രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്. 124 പേരുടെ പിന്തുണയുണ്ടെന്നാണ് പളനിസ്വാമി വിഭാഗം അവകാശപ്പെടുന്നത്. 117 പേരുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യമായത്. ആഴ്ചകള്‍ നീണ്ടുനിന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിനാണ് ഗവര്‍ണറുടെ നിര്‍ണായക തീരുമാനത്തേടെ ഏറെക്കുറെ സമാധാനമാകുന്നത്.

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശശികലയുടെ ജയില്‍ വാസത്തോടെയാണ് പളനിസ്വാമി എ.ഐ.എ.ഡി.എംകെയുടെ തലപ്പത്ത് എത്തുന്നത്. ജയലളിത മന്ത്രിസഭയില്‍ പന്നീര്‍സെല്‍വത്തിന് ശേഷം മൂന്നാമനായാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. പൊതുമരാമത്ത് വകുപ്പ് കൈകാര്യം ചെയ്തിരുന്ന അദ്ദേഹം ഇനി സംസ്ഥാനം തന്നെ നിയന്ത്രിക്കും. അത് എത്ര കണ്ട് ഫലപ്രദമാകും എന്നത് കാത്തിരുന്നു കാണേണ്ടതാണ്.