കോഴിക്കോട്: ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടല്ല മന്ത്രി കെ.ടി ജലീല്‍ മതഗ്രന്ഥങ്ങള്‍ കൊണ്ടുവന്നതെന്ന് എടപ്പാള്‍ പന്താവൂര്‍ അല്‍ ഇര്‍ഷാദ് മേധാവി സിദ്ദീഖ് മൗലവി. മന്ത്രി ഇങ്ങോട്ട് വിളിച്ച് കുറച്ച് ഖുര്‍ആന്‍ കോപ്പികള്‍ തന്നാല്‍ വിതരണം ചെയ്യാനാവുമോയെന്ന് ചോദിക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

ഒരു ചടങ്ങില്‍ വെച്ചാണ് മന്ത്രി ഇക്കാര്യം തന്നോട് പറഞ്ഞത്. തിരുവനന്തപുരത്ത് നിന്ന് കുറച്ച് ഖുര്‍ആന്‍ കോപ്പികള്‍ കൊണ്ടുവന്നാല്‍ അത് സൗജന്യമായി ആവശ്യക്കാര്‍ക്ക് എത്തിക്കുമോയെന്ന് മന്ത്രി ചോദിച്ചപ്പോള്‍ അത് സമ്മതിക്കുകയായിരുന്നു. അങ്ങനെയാണ് ഖുര്‍ആന്‍ കൊണ്ടുവന്നത്. അന്വേഷണ ഏജന്‍സികള്‍ ഇത് സംബന്ധിച്ച് ആരാഞ്ഞിരുന്നു എന്നും അബുബക്കര്‍ മൗലവി പറഞ്ഞു.

യുഎഇ കോണ്‍സുലേറ്റ് വഴി കൊണ്ടുവന്ന ഖുര്‍ആന്‍ കോപ്പികള്‍ പന്താവൂര്‍ അല്‍ ഇര്‍ഷാദ് കോളേജ്, ആലത്തിയൂര്‍ ഖുര്‍ആന്‍ അക്കാദമി എന്നിവിടങ്ങളിലേക്കാണ് കൊണ്ടുപോയതെന്ന് മന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ തങ്ങള്‍ ആവശ്യപ്പെട്ടിട്ടല്ല ഖുര്‍ആന്‍ കൊണ്ടുവന്നതെന്ന് സ്ഥാപനങ്ങള്‍ സ്ഥിരീകരിച്ചതോടെ മന്ത്രിയുടെ പ്രത്യേക താല്‍പര്യത്തെക്കുറിച്ച് വീണ്ടും ചോദ്യങ്ങള്‍ ഉയരുകയാണ്.