തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന്റെ പിഎച്ച്ഡി പ്രബന്ധ വിവാദത്തില്‍ നടപടിയെടുക്കാന്‍ കേരള സര്‍വകലാശാല വിസിക്ക് ഗവര്‍ണറുടെ നിര്‍ദേശം. സേവ് യൂണിവേഴ്‌സിറ്റി ഫോറമാണ് ജലീലിന്റെ പിഎച്ച്ഡി പ്രബന്ധത്തിനെതിരെ പരാതി നല്‍കിയിരുന്നത്. നൂറുകണക്കിന് ഉദ്ധരണികള്‍ അക്ഷരത്തെറ്റുകളോടെ പകര്‍ത്തിയെഴുതി പ്രബന്ധമായി സമര്‍പ്പിച്ചാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീല്‍ കേരള സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റ് ബിരുദം നേടിയതെന്നും അദ്ദേഹത്തിന്റെ പ്രബന്ധം വിദഗ്ധ സമിതിയെകൊണ്ട് പുനഃപരിശോധിക്കണമെന്നും പരാതിയില്‍ പറയുന്നു. ഗവേഷകനായ മന്ത്രിയുടെ സ്വന്തം കുറിപ്പുകളില്‍ വ്യാകരണ പിശകുകളുടെ കൂമ്പാരമാണെന്നും പരാതിക്കാര്‍ ആരോപിക്കുന്നു.

സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി നിയോഗിച്ച വിദഗ്ധ സമിതി ജലീലിന്റെ പ്രബന്ധത്തിലെ പിഴവുകള്‍ കണ്ടെത്തിയിരുന്നു. പ്രബന്ധങ്ങള്‍ അപ്ലോഡ് ചെയ്യേണ്ട യുജിസിയുടെ പൊതുസൈറ്റില്‍ ജലീലിന്റെ പ്രബന്ധം ലഭ്യമാകാത്തതുകൊണ്ട് വിവരാവകാശ നിയമപ്രകാരം കേരളാ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പ്രബന്ധത്തിന്റെ പകര്‍പ്പ് ലഭ്യമാക്കുകയായിരുന്നു.

മലബാര്‍ ലഹളയില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും ആലിമുസ്ലിയാരുടെയും പങ്കിനെ അധികരിച്ചു തയാറാക്കിയ ഗവേഷണ പ്രബന്ധത്തിനാണ് ജലീല്‍ കേരള സര്‍വകലാശാലയില്‍നിന്ന് 2006ല്‍ ഡോക്ടറേറ്റ് സ്വന്തമാക്കിയത്. സിന്‍ഡിക്കേറ്റ് നിലവിലില്ലാതിരുന്ന പ്രത്യേക കാലയളവില്‍ വൈസ് ചാന്‍സലര്‍ ആയിരുന്ന ഡോ. എം.കെ.രാമചന്ദ്രന്‍ നായര്‍ ഇടപെട്ട് തന്റെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് ജലീലിനു ഡോക്ടറേറ്റ് നല്‍കിയതെന്നു പരാതിയില്‍ പറയുന്നു.

തന്റെ ഗവേഷണഫലം സാധൂകരിക്കാന്‍ ജലീല്‍ ഉപയോഗിച്ചിട്ടുള്ള ഉദ്ധരണികള്‍ പലതും വിഷയവുമായി ബന്ധമില്ലാത്തതാണ്. ഇവയ്ക്ക് വേണ്ട സൂചികകള്‍ ഉപയോഗിച്ചിട്ടില്ല. പ്രബന്ധം പകര്‍ത്തിയെഴുതിയതാണെന്ന ആരോപണം ഒഴിവാക്കാനായി ഉദ്ധരണികള്‍ വളച്ചൊടിച്ചാണ് കാണിച്ചിരിക്കുന്നത്. മൂലഗ്രന്ഥത്തില്‍നിന്നുള്ള ഉദ്ധരണികള്‍ക്കു പകരം പലതവണ പകര്‍പ്പിനു വിധേയമായവയാണ് ഉപയോഗിച്ചിരിക്കുന്നത് . അതുകൊണ്ടുതന്നെ പ്രബന്ധം അക്ഷരത്തെറ്റുകളുടെ കൂമ്പാരമാണ്. വാരിയംകുന്നത്തു ഹാജിയുടെ പേര് അടുത്ത കാലത്ത് ചര്‍ച്ചാ വിഷയമായതിനെ തുടര്‍ന്നു മലബാര്‍ ലഹളയുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണങ്ങളും പ്രബന്ധങ്ങളും പരിശോധിച്ചപ്പോഴാണ് മന്ത്രിയുടെ പ്രബന്ധവും ശ്രദ്ധയില്‍പെട്ടതെന്നു സേവ് യൂണിവേഴ്‌സിറ്റി ക്യാംപയ്ന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.